അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റുന്നു; കളക്കാട് കടുവാ സങ്കേതത്തില്‍ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കു വെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെല്‍വേലിയിലേക്ക് മാറ്റും. കൊമ്പനെ തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തില്‍ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ ഇന്നലെ രാത്രിയാണ് വനംവകുപ്പ് രണ്ട് ഡോസ് മയക്കുവെടിവച്ച് പിടികൂടിയത്.

മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പിന്റെ ആബുലന്‍സിലേക്ക് അരിക്കൊമ്പനെ മാറ്റുകയായിരുന്നു. ആദ്യം ഉസലെന്‍പ്പെട്ടി മണിമലയാറിന് സമീപത്ത് ഇറക്കി വിടാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നിലവില്‍ തിരുനെല്‍വേലിയിലേക്കുള്ള യാത്രയിലാണ് അരിക്കൊമ്പന്‍.

മേയ് 27ന് കമ്പം ജനവാസ മേഖലയിലേക്കിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തിയതിന് പിന്നാലെയാണ് മയക്കുവെടിവച്ച് ആനയെ കാട്ടിലേക്ക് മാറ്റാന്‍ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്ക് മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു ആന. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആന വീണ്ടും ജനവാസമേഖലയിൽ എത്തിയത്. തുമ്പിക്കൈയ്ക്ക് പരുക്കേറ്റ നിലയിലാണ് അരിക്കൊമ്പന്‍.

Be the first to comment

Leave a Reply

Your email address will not be published.


*