എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു

കൊച്ചി: ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ ബം​ഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. വൺതമിൽഎംവി എന്ന വെബ്സൈറ്റിലൂടെയാണ് വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

കേസിൽ സത്യമംഗലം സ്വദേശിയായ ഒരാളെ കൂടി പിടികൂടാനുണ്ട്. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്സൈറ്റ് സൈബർസെൽ പൂട്ടിച്ചു. പുതിയ സിനിമ റിലീസായി മണിക്കൂറുകൾക്കകം സംഘം വ്യാജപതിപ്പ് പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ തിയറ്ററിൽ നിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണു പ്രാഥമിക വിവരം.

വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരുടെ കൈയ്യില്‍ ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ സംവിധായകൻ ജിതിൻ ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ ജിതിൻ ലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ്‌ ജിതിൻ ദൃശ്യം പങ്കുവച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*