മാന്നാനം കെ ഇ കോളജിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘അവേക്കി’ന് തുടക്കമായി

മാന്നാനം: മാന്നാനം കെ ഇ കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ്  ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന കലോത്സവം ‘അവേക്കി’ന് തുടക്കമായി.  രണ്ടു ദിവസത്തെ കലോത്സവത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നായി എഴുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പരിശീലകരും ഉൾപ്പെടെ ആയിരത്തിലേറെപ്പേരാണ് പങ്കെടുക്കുന്നത്.

ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അവേക്ക് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, ബർസാർ ഫാ.ബിജു തെക്കെക്കുറ്റ് സിഎംഐ, സെൽഫ് ഫിനാൻസിംഗ് കോ ഓർഡിനേറ്റർ മേജർ (റിട്ടയേർഡ്) ജോണി തോമസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡൻ്റ് കോ ഓർഡിനേറ്റർ ഫാ.ലിജിൻ മൂഴയിൽ സിഎംഐ എന്നിവർ പ്രസംഗിച്ചു. അവസാന വർഷ പിജി (സോഷ്യൽ വർക്ക്) വിദ്യാർത്ഥികൾ തയ്യാറാക്കിയ ലോസ് ആൻഡ് സപ്പോർട്ട് സിസ്റ്റം ഇൻ ഇൻഡ്യ എന്ന റിസോഴ്സ് ബുക്ക് സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു.

അവേക്കിനോടനുബന്ധിച്ചു നടത്തിയ അന്തർദ്ദേശീയ സെമിനാർ സ്കോപസ് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ഡോ. ബൈജു പി.വറീത്, ഡോ. ആഗ്നസ് തോമസ്, ഡോ. ആർ. ശക്തിപ്രഭ, വി.കെ.പ്രിജിത് എന്നിവർ പ്രഭാഷണം നടത്തി. ഡോ. ഐപ് വർഗീസ് മോഡറേറ്ററായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു.

ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ച വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. കയ്യെഴുത്ത്, മോണോ ആക്ട്, പെൻസിൽ ഡ്രോയിംഗ്, ക്രാഫ്റ്റ്, ലളിത സംഗീതം, ക്വിസ്, പെയിൻ്റിംഗ്, മിമിക്രി മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കാളികളായി. ഇന്ന് ഫാൻസിഡ്രസ്, ബാൻഡ്, ഫോക് ഡാൻസ്, ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാൻസ് മത്സരങ്ങൾ നടക്കും.

ഇന്ന് 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. .വാസവൻ ഉദ്ഘാടനം ചെയ്യും. നടി സബിറ്റ ജോർജ് വിശിഷ്ടാതിഥിയാകും. പ്രിൻസിപ്പൽ ഡോ.ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. ഫാ.ബിജു തെക്കെക്കുറ്റ് സിഎംഐ, എലിസബത്ത് അലക്സാണ്ടർ, ഫാ. ജയിംസ് മുല്ലശേരി, മേജർ (റിട്ടയേർഡ്) ജോണി തോമസ്, ലക്ഷ്മി ടി.എസ്, ഡിക്സി മരിയ ഗിരീഷ് എന്നിവർ പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*