ധന്യാ രാജേന്ദ്രനെതിരായ ലേഖനങ്ങളും വീഡിയോകളും നീക്കം ചെയ്യണം : ഡൽഹി ഹൈക്കോടതി

ഡല്‍ഹി : മാധ്യമസ്ഥാപനമായ ന്യൂസ് മിനിറ്റിന്റെ സ്ഥാപക ധന്യ രാജേന്ദ്രനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനകൾ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ധന്യ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. ജസ്റ്റിസ് വികാസ് മഹാജന്റേതാണ് ഇടക്കാല ഉത്തരവ്. കർമ്മ ന്യൂസ്, ജനം ടിവി, ജന്മഭൂമി എന്നീ മാധ്യമങ്ങളോടാണ് കോടതി ഇക്കാര്യം നിർദേശിച്ചത്.

ധന്യക്കെതിരെ പ്രസിദ്ധീകരിച്ച വീഡിയോകളും ലേഖനങ്ങളും പത്തുദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് നിർദേശം. മാധ്യമസ്ഥാപനങ്ങള്‍ സമയപരിധിക്കകം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കിൽ യുട്യൂബിനെ സമീപിക്കാൻ ധന്യക്കും ന്യൂസ് മിനിറ്റിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ധന്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വ്യക്തമാക്കാനോ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. വീഡിയോയിലെയും ലേഖനത്തിലെയും ഉള്ളടക്കങ്ങള്‍ വെറും ആരോപണം മാത്രമാണെന്നും കോടതി വിലയിരുത്തി.

ധന്യയും സ്വതന്ത്ര മാധ്യമ ചാനലുകളും ചേര്‍ന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരില്‍ ഒരു കോണ്‍ക്ലേവ് 2023 മാര്‍ച്ച് 25ന് നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ധന്യക്കെതിരെ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തുവന്നത്. ഇന്ത്യയില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോര്‍ജ്ജ് സോറോസിന്‍റെ ഏജന്‍റാണ് ധന്യയെന്നായിരുന്നു ആരോപണം. ഇക്കാര്യം സംബന്ധിച്ച് നിരവധി ലേഖനങ്ങളും വീഡിയോകളും ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ധന്യയുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചെന്നും ദക്ഷിണേന്ത്യയെ വെട്ടിമുറിക്കാനും വിഭജിക്കാനുമാണ് ‘കട്ടിങ് സൗത്ത് 2023’ ശ്രമിച്ചതെന്നും ഈ മാധ്യമങ്ങൾ ആരോപണമുയര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*