ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

ദില്ലി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ആശ്വാസം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ദില്ലി  റോസ് അവന്യൂ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേജ്‌രിവാളിന്‍റെ ആവശ്യം  ദില്ലി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമൻസുകളാണ് കേജ്രിവാൾ കൈപ്പറ്റാതെ ഒഴിവാക്കിയത്.

കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഇന്നലെ മദ്യനയ കേസിൽ ബിആർ എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി തുടക്കമിട്ടു. ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ ദിവസം  നടന്ന പൊതുയോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചേർന്നാണ്പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ ഭാവ്നഗർ, ഭറൂച് എന്നീ സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*