ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വർഷത്തോളം അരവിന്ദ് കെജ്രിവാൾ താമസിച്ചിരുന്നത് 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഈ വസതിയിലായിരുന്നു. പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലേക്കാണ് കെജ്രിവാളും കുടുംബവും ഇനി താമസിക്കുക. എഎപി ആസ്ഥാനത്തിന് അടുത്തായാണ് കെജ്രിവാളിന്റെ പുതിയ വസതി. ഭാര്യ സുനിത, മകൻ, മകൾ, മാതാപിതാക്കൾ എന്നിവരോടൊപ്പമായിരുന്നു അരവിന്ദ് കെജ്രിവാൾ ഇവിടെ താമസിച്ചിരുന്നത്.
കെജ്രിവാളിനും കുടുംബത്തിനും വസതിയിലെ ജീവനക്കാർ വൻ യാത്രയയപ്പാണ് നൽകിയത്. രണ്ട് മിനി ട്രക്കുകളിലായാണ് കുടുംബത്തിൻ്റെ വീട്ടുപകരണങ്ങൾ കൊണ്ടുപോയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഗ്നിശുദ്ധി വരുത്തിയതിന് ശേഷമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാള് പറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു ഔദ്യോഗിക വസ്തി ഒഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞ കെജ്രിവാള് സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 13നാണ് പുറത്തിറങ്ങിയത്.
Be the first to comment