മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍. രാജിക്കത്ത് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറി. ഗവര്‍ണറുടെ വസതിയിലെത്തിയാണ് കെജ്‍രിവാള്‍ രാജിക്കത്ത് കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‍രിവാളിനൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു.

രണ്ട് ദിവസം മുന്‍പാണ് കെജ്‍രിവാള്‍ രാജിപ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്നാണ് കെജ്‌‍രിവാള്‍ വ്യക്തമാക്കിയത്. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കെജ്‍രിവാളിന്റെ വാക്കുകള്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ആദ്യമായി സംസാരിക്കുകന്നതിനിടെയായിരുന്നു രാജിപ്രഖ്യാപനം നടത്തിയത്.

“രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കും. ജനവിധിയുണ്ടാകുന്നതുവരെ ഞാൻ ആ കസേരയില്‍ തുടരില്ല. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു, ഇനി ജനങ്ങളില്‍ നിന്നും നീതി ലഭിക്കേണ്ടതുണ്ട്. ജനങ്ങളുടെ തീരുമാനത്തിന് ശേഷമായിരിക്കും ഞാൻ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക,” കെജ്‌‍രിവാള്‍ രാജിപ്രഖ്യാപനം സൂചിപ്പിച്ച് പറഞ്ഞു.

ഇന്നു ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് നിയുക്ത മുഖ്യമന്ത്രിയായി അതിഷിയുടെ പേര് മുന്നോട്ടുവച്ചത്.  കെജ്‍രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് തീരുമാനം അംഗീകരിക്കുകയായിരുന്നു. ദില്ലി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി.

Be the first to comment

Leave a Reply

Your email address will not be published.


*