മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്‌രിവാൾ തീരുമാനിയ്‌ക്കെട്ടേയെന്ന് ദില്ലി ഹൈക്കോടതി

ദില്ലി : മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്‌രിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി.  കെജ്‌രിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തിൽ കുലുങ്ങരുതെന്നും എംഎൽഎമാർ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്‌രിവാളിനെ നീക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.

സമാന ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ എന്നത് കെജ്‌രിവാളിൻ്റെ വ്യക്തിപരമായ തീരുമാനമെന്ന് ഇത്തവണ കോടതി നിരീക്ഷിച്ചു. എന്നാൽ ഈ തീരുമാനം ദേശീയ താൽപര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കെജ്‌രിവാളിന് വിടുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ പ്രവർത്തനം നിരീക്ഷിക്കേണ്ടത് ലഫ് ഗവർണറാണ്. പ്രതിസന്ധിയുണ്ടെങ്കിൽ ഇടപെടാനുള്ള നിയമപരമായ അധികാരം ലഫ് ഗവർണറുടേതാണ്. അതിനാൽ കോടതി ഇടപെടുന്നില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അരവിന്ദ് കെജ്‌രിവാളിന് സ്വയം തീരുമാനിക്കാം എന്ന് ഹൈക്കോടതി പറഞ്ഞത് ആശ്വാസമാണെങ്കിലും ലഫ്റ്റനൻറ് ഗവർണ്ണറുടെ അടുത്ത നീക്കം നിർണ്ണായകമാകും. ഇതിനിടെ എംഎൽഎമാർ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെജ്‌രിവാൾ നിർദ്ദേശം നല്കി. ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഭാര്യ സുനിത കെജ്‌രിവാളിന് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തിറങ്ങിയ എഎപി എംപി സഞ്ജയ് സിംഗ് പാർട്ടി പരിപാടികളിൽ സജീവമാകുകയാണ്. സഞ്ജയ് സിംഗിനെതിരായ ബിജെപി നടപടി തിരിച്ചടിച്ചുവെന്ന പ്രചാരണത്തിനാണ് എഎപി മുൻതൂക്കം നൽകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*