‘ബലിയാടാകുന്നത്‌ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിന്, പോരാട്ടം തുടരും’; ജാമ്യ കാലാവധി കഴിഞ്ഞു, കെജ്‌രിവാള്‍ ജയിലിലേക്ക്‌

മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് ‌കെ‌ജ്‌രിവാള്‍ തീഹാർ ജയിലില്‍ തിരികെ മടങ്ങി. “തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്കായി പ്രചാരണം നടത്തി. മുംബൈ, ഹരിയാന, യുപി, ഝാർഖണ്ഡ് എന്നിവിടങ്ങള്‍ സന്ദർശിച്ചു. എഎപിയല്ല പ്രധാനം. ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്. ജയിലിലായത് അഴിമതിക്കല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിനാണ്. എനിക്കെതിരെ തെളിവുകളില്ലെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ചതാണ്,” എഎപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡിഎ മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളേയും കെജ്‍രിവാള്‍ തള്ളി. മൂന്ന് മണിക്ക് സ്വവസതിയില്‍ നിന്ന് ഇറങ്ങിയ കേജ്‌രിവാള്‍ രാജ്‌ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ജയിലിലേക്ക് മടങ്ങിയത്. പത്നി സുനിത കെജ്‍‌രിവാളിനും എഎപി നേതാക്കള്‍ക്കുമൊപ്പമാണ് കെജ്‌രിവാള്‍ രാജ്‌ഘട്ടിലെത്തിയത്.

രാജ്‌ഘട്ട് സന്ദർശനത്തിന് പിന്നാലെ കൊണോട്ട് പ്ലേസിലുള്ള ഹനുമാന്‍ മന്ദിറിലും കെജ്‌രിവാള്‍ ദർശനം നടത്തി. ശേഷം ആംആദ്മിയുടെ പാർട്ടി ആസ്ഥാനെത്തി അണികളേയും നേതാക്കളേയും കെജ്‌രിവാള്‍ അഭിസംബോധന ചെയ്യുകയായിരുന്നു. പിന്നീടാണ് തിഹാറിലേക്ക് തിരിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അവസാനഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങാനായിരുന്നു കെജ്‍രിവാളിന് കോടതി നല്‍കിയ നിർദേശം. ഡല്‍ഹി കോടതയില്‍ കെജ്‍രിവാള്‍ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിനായിരിക്കും കോടതി ഹർജി പരിഗണിക്കുക.

തീഹാർ ജയിലില്‍ കീഴടങ്ങുന്നത് സംബന്ധിച്ച് കെജ്‌രിവാള്‍ സമൂഹ മാധ്യമമായ എക്സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. “സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം 21 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഞാന്‍ പുറത്തെത്തിയത്. സുപ്രിംകോടതിയോട് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ ഇന്ന് തീഹാർ ജയിലിലെത്തി കീഴടങ്ങും. ആദ്യം രാജ്‍ഘട്ടിലെത്തി ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തും. പിന്നീട് കൊണോട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറില്‍ ദർശനം. പാർട്ടി ആസ്ഥാനത്തെത്തി നേതാക്കളേയും അണികളേയും കണ്ട ശേഷമായിരിക്കും ജയിലിലേക്കുള്ള മടക്കം,” കെജ്‍രിവാള്‍ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*