ഡല്‍ഹി മുഖ്യമന്ത്രി: കെജ്‌രിവാളിന്റെ ഭാര്യ സുനിതയെന്ന് സൂചന; ചര്‍ച്ച സജീവം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഭാര്യ സുനിത ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും ജയിലില്‍ ഇരുന്നു ഭരിക്കുമെന്നുമാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യത ലഫ്റ്റനന്റ് ജനറല്‍ വികെ സക്‌സേന തള്ളിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുനിതയുടെ സ്ഥാനാരോഹണം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുള്ളത്.

ജയിലില്‍ കഴിഞ്ഞുകൊണ്ടു ഭരിക്കാന്‍ അനുവദിക്കില്ലെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുള്ളത്. പിന്‍ഗാമിയെ നിയോഗിക്കാന്‍, അരവിന്ദ് കെജരിവാളിനുള്ള പരോക്ഷ സന്ദേശമാണ് സക്‌സേനയുടെ വാക്കുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അല്ലാത്തപക്ഷം മന്ത്രിസഭയെ പിരിച്ചുവിടുന്നതിനുള്ള ശുപാര്‍ശ ലഫ്റ്റനന്റ് ഗവര്‍ണര്‍ നല്‍കിയേക്കും. ഭരണഘടനയുടെ 239 എബി അനുഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനു ഡല്‍ഹി മന്ത്രിസഭയെ പിരിച്ചുവിടാനാവും.

അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായതിനു പിന്നാലെ സുനിത സജീവമായി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നു വാര്‍ത്താ സമ്മേളനങ്ങളാണ് സുനിത നടത്തിയത്. ഇന്നലെ കെജരിവാള്‍ കോ ആശിര്‍വാദ് പ്രചാരണത്തിനും സുനിത തുടക്കമിട്ടു. മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥ കൂടിയായ സുനിത, കെജരിവാളിന്റെ പകരക്കാരിയായി എത്തുമെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*