അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിത കെജ്‌രിവാൾ.

ഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിത കെജ്‌രിവാൾ. ജനങ്ങളെ സേവിക്കാൻ ജോലി ഉപേക്ഷിച്ച ആളാണ് അരവിന്ദ് കെജ്‌രിവാൾ. പാവപ്പെട്ടവർക്ക് വേണ്ടി ഡൽഹിയിൽ സ്കൂളുകൾ, മൊഹല്ല ക്ലിനിക്കുകൾ അടക്കം നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തു. എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളെ കേന്ദ്രം ജയിലിലാക്കി. ഭക്ഷണ സമയത്ത് പോലും കെജ്‌രിവാൾ ക്യാമറ നിരീക്ഷണത്തിലാണ്. പ്രമേഹത്തിന് ഇൻസുലിൻ പോലും നൽകുന്നില്ല. ഡോക്ടറെ കാണാനും അനുമതിയില്ല. ‌ഇതുവഴി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനിത കെജ്‌രിവാൾ റാഞ്ചിയിലെ ഇന്‍ഡ്യ റാലിയില്‍ ആരോപിച്ചു

പ്രമേഹ അസുഖം മൂലം ബുദ്ധിമുട്ടുന്ന അരവിന്ദ് കെജ്‌രിവാളിന് ചികിത്സ നിഷേധിച്ച് ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ആംആദ്മി പാർട്ടി ദിവസങ്ങളായി ഉന്നയിക്കുന്നത്. പ്രമേഹം ടൈപ്പ് 2 രോഗമുള്ള കെജ്‌രിവാളിന് ജയിലിൽ ഇൻസുലിൻ നിഷേധിച്ചെന്നും വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാൻ അപേക്ഷ നൽകിയിട്ടും അനുമതി നൽകിയില്ലെന്നും പാർട്ടി വക്താവും ഡൽഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

പ്രമേഹ രോഗിയായ അരവിന്ദ് കെജ്‌രിവാൾ ജയിലിൽ രോഗം വർധിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ മനഃപൂർവം കഴിക്കുന്നതായി നേരത്തെ എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് വ്യാഴാഴ്ച്ച കോടതിയിൽ ആരോപിച്ചിരുന്നു. മാമ്പഴം, മധുരപലഹാരങ്ങൾ തുടങ്ങിയ കൂടുതൽ അളവിൽ കഴിച്ച് പ്രമേഹം വർധിപ്പിച്ച് ആരോഗ്യനില വഷളാണെന്ന് കാണിച്ച് ജാമ്യം നേടിയെടുക്കാനാണ് കെജ്‌രിവാൾ ശ്രമിക്കുന്നതുവെന്നുമാണ് ഇഡിയുടെ വാദം.

ഡോക്ടർ നിർദേശിച്ച ഭക്ഷണക്രമമാണ് താൻ പിന്തുടരുന്നതെന്നും ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹമുള്ളതിനാൽ ഡോക്ടറുമായി എല്ലാ ദിവസവും വിഡിയോ കോൺഫറൻസിങ് നടത്താൻ അനുമതി തേടി കേജ്‌രിവാൾ നൽകിയ ഹർജി, ഇഡി സ്പെഷൽ കോടതി പരിഗണിച്ചപ്പോഴായിരുന്നു ഈ വാദങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*