പിറവം: അപകടം ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി പിറവം കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ സ്‌ക്വാഡ് പരിശോധന നടത്തി. പുലർച്ചെ സർവീസുകൾ ആരംഭിക്കുന്ന സമയത്ത് എറണാകുളത്ത് നിന്ന് രണ്ട് ഇൻസ്‌പെക്ടർമാരടങ്ങുന്ന സ്‌ക്വാഡ് പരിശോധനയ്ക്കെത്തുകയായിരുന്നു. ജോലിക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രത്തലൈസറുമായെത്തിയ സംഘം വന്നപാടെ പരിശോധന തുടങ്ങി. ഒരു ജീവനക്കാരൻ മദ്യപിച്ചതിന് കുടുങ്ങുകയും ചെയ്തു.
അതേസമയം സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയ വിവരമറിഞ്ഞ് ചിലർ ഡിപ്പോയിൽ കയറാതെ മുങ്ങിയെന്ന് ആക്ഷേപമുണ്ട്. പിറവത്ത് നിന്നുള്ള രണ്ട് ഓർഡിനറി സർവീസുകൾ വ്യാഴാഴ്ച മുടങ്ങുകയും ചെയ്തിരുന്നു. ഡ്രൈവർമാരില്ലാത്തതിനാൽ സർവീസ് നടത്താനാകില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. ബ്രത്തലൈസറിൽ പൂജ്യത്തിന് മുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം. ബ്രത്തലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേ ദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്തുന്നില്ല എന്നും ആക്ഷേപമുണ്ട്.
Be the first to comment