വിദ്യാർത്ഥികളിൽ നിന്ന് വിലയേറിയ സമ്മാനങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ അധ്യാപകർക്ക് നിർദേശം

filed pic

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിൻ്റെ ഭാഗമായി അധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ നിർദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയനവർഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയത്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിലേക്കും ഈ നിർദേശം കൈമാറി.

അധ്യയന വർഷാവസാനദിനത്തിൽ ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുകയും ചെയ്യുന്ന പുതിയ സമ്പ്രദായത്തെക്കുറിച്ച് റിപ്പോർട്ട് വന്നിരുന്നു. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ ഉപഡയറക്ടർ നടപടിയെടുത്തത്. 

വിലകൂടിയ വസ്ത്രങ്ങൾ, വാച്ച്, ഫ്രെയിം ചെയ്ത ഫോട്ടോകൾ, ഫോട്ടോയുള്ള കേക്ക്, ഫോട്ടോ പതിച്ച കപ്പ്, ഗ്ലാസ് തുടങ്ങിയവയാണ് അധ്യാപകർക്ക് വിദ്യാർഥികൾ സമ്മാനിക്കുന്നത്. ഇവ സ്വീകരിക്കുന്നത് പകർത്തി സാമൂഹികമാധ്യമങ്ങളിൽ റീൽസായി പ്രചരിപ്പിക്കുന്നതും ‘സ്റ്റാറ്റസ്’ വെക്കുന്നതും അധ്യാപകർക്കിടയിൽ പതിവാണ്. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽ മാത്രം നിലനിന്നിരുന്ന ഈ കീഴ്വഴക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വ്യാപിച്ചത്. നാട്ടിൻപുറങ്ങളിലെ എൽ.പി. സ്കൂളുകളിലും കഴിഞ്ഞ അധ്യയനവർഷാവസാനം ഉപഹാരവിതരണം വ്യാപകമായിരുന്നു.

ഇതു വിദ്യാർത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും മത്സരവും അപകർഷതയും വേർതിരിവും വളർത്തുന്നതാണെന്നാണു പരാതി. സർക്കാരിൻ്റെ മുൻകൂർ അനുമതി കൂടാതെ, അന്യരിൽനിന്ന് യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബാംഗങ്ങളിൽ ആരേയും അവ വാങ്ങാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലെന്നാണു ചട്ടം.

Be the first to comment

Leave a Reply

Your email address will not be published.


*