മഴ ശക്തി പ്രാപിച്ചതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭീതി വർധിച്ചു

കോട്ടയം: ബുധനാഴ്ചയും മഴ ശക്തമായി പെയ്തതോടെ ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭീതി വർധിച്ചു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായി എത്തിയ വെള്ളം ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ചൊവ്വാഴ്ച വെള്ളം ഉയർന്നിരുന്നെങ്കിലും ബുധൻ പുലർച്ചയോടെയാണ് വീടുകളിൽ കയറിയത്. കോട്ടയം – കുമരകം റൂട്ടിൽ അറുപുഴ, ഇല്ലിക്കൽ, ചെങ്ങളം, ആമ്പക്കുഴി ഭാഗങ്ങളിൽ റോഡ് കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ വീടുകളിൽ അരപ്പൊക്കം വെള്ളമുണ്ട്‌. ഇല്ലിക്കൽകവലയിൽ കടകളിൽ വെള്ളം കയറി. നിലവിൽ വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നാൽ വണ്ടി ഓടില്ല.

തിരുവാർപ്പ്, കാഞ്ഞിരം പ്രദേശത്തും വെള്ളം കയറിയിട്ടുണ്ട്. തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ വെള്ളം കയറിയതിനെതുടർന്ന് തിരുവാർപ്പ് ഗവ. യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 25 പേരാണ് കഴിയുന്നത്. ഇവർക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ മേനോൻ പറഞ്ഞു.  കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ പതിനാറിൽചിറ, പതിനഞ്ചിൽകടവ്, കാരാപ്പുഴ, പാറോച്ചാൽ ഭാഗത്തും വെള്ളം കയറി. മീനച്ചിലാറ്റിലെയും കൊടൂരാറ്റിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്‌.

Be the first to comment

Leave a Reply

Your email address will not be published.


*