കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധന രോഗികള്‍. കുടിശ്ശിക തീർക്കാത്തതിനെത്തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്ന പരിഹാരത്തിനായി കളക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മരുന്ന് വിതരണക്കാരുമായിട്ടാണ് ഇന്ന് ചര്‍ച്ച നടത്തുക.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂയിഡുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മരുന്ന് വിതരണം ചെയ്യുന്ന രാജ്യത്തെ  ആരോഗ്യ കേന്ദ്രത്തിലൊന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. എണ്ണായിരം രൂപക്ക് കിട്ടേണ്ട ക്യാന്‍സര്‍ മരുന്നുകള്‍ ഇപ്പോള്‍ മുപ്പതിനായിരം രൂപക്ക്, പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ രോഗികള്‍. മരുന്ന് വിതരണം ഭാഗികമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. കുടിശ്ശിക കിട്ടാതെ ഇനി വിതരണമില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍.

Be the first to comment

Leave a Reply

Your email address will not be published.


*