ബംഗളൂരുവിൽ ദാഹമകറ്റാൻ വീട്ടില്‍ കയറിയ കുരങ്ങൻ്റെ വീഡിയോ വൈറല്‍

വേനല്‍ കടുത്തതോടെ ബംഗളൂരു നഗരത്തില്‍ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്. ദാഹമകറ്റാന്‍ അല്‍പ്പം വെള്ളത്തിനായി നഗരത്തിലെ ഒരു വീട്ടില്‍ കയറിയ കുരങ്ങൻ്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുറന്നിട്ട ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്‍ ദാഹമകറ്റാനായി വെള്ളം അന്വേഷിക്കുന്ന വീഡിയോയാണിത്. വീട്ടുടമസ്ഥന്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ തൻ്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.

‘‘കുരങ്ങന്‍മാര്‍ വെള്ളം കിട്ടാതെ അലയുകയാണ്. ഒരിറ്റ് വെള്ളത്തിനായി അവര്‍ വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നഗരത്തിലെ ജലക്ഷാമം മൃഗങ്ങളെയും ദോഷകരമായി ബാധിച്ചിരിക്കുന്നു. അവര്‍ക്ക് കൂടി വേണ്ടി നമുക്ക് ജലം പാഴാക്കാതെയിരിക്കാം,’’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുക്കളയിലെ ജനാലവഴി വീടിനകത്തേക്ക് എത്തിയ കുരങ്ങന്‍ പ്യൂരിഫയറിലെ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ജനാലയ്ക്കടുത്ത് മറ്റൊരു കുരങ്ങനെയും കാണാം. വെള്ളവും ഭക്ഷണവും തേടി കുരങ്ങന്‍മാര്‍ വീടുകളിലേക്ക് അതിക്രമിച്ചെത്തുന്നുവെന്ന് ആരോപിച്ച് നഗരത്തിലെ നിരവധി പേര്‍ ബ്രഹത് ബംഗളൂരു മഹാനഗര പാലികെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും കുരങ്ങന്‍മാര്‍ ഭക്ഷണം തട്ടിപ്പറിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. ചില സമയത്ത് കൂട്ടമായി എത്തുന്ന കുരങ്ങന്‍മാര്‍ ആളുകളെ ഉപദ്രവിക്കുന്നുണ്ടെന്നും നിരവധി പേര്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*