കൊച്ചിയിൽ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ടാങ്കറുകൾ വഴിയുള്ള ജലവിതരണവും മുടങ്ങുന്നു

കൊച്ചി: കനത്ത ചൂടിൽ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ കൂടുതൽ ദുരിതം സമ്മാനിച്ച് കുടിവെള്ള ടാങ്കറുകളിലൂടെയുള്ള ജലവിതരണവും മുടങ്ങുന്ന സ്ഥിതിയിലേയ്ക്കെത്തുന്നു. ചൂട് കനത്തതോടെ ജല ഉപഭോഗവും നഗരത്തിൽ വർധിച്ചു. നഗരത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഫ്‌ളാറ്റ് സമുച്ഛയങ്ങൾ അടക്കമുള്ളവയും ആശ്രയിക്കുന്നത് ടാങ്കറുകളിലൂടെയുള്ള ജലവിതരണത്തെയാണ്. ജല ഉപഭോഗം കൂടിയതോടെ ആവശ്യത്തിന് വെള്ളം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എറണാകുളം ജില്ലാ ഡ്രിങ്കിംഗ് വാട്ടർ ട്രാസ്പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 500 ടാങ്കർ ലോറികളാണ് അസോസിയേഷന് കീഴിൽ മാത്രം പ്രതിദിനം നഗരത്തിൽ ജലവിതരണം നടത്തുന്നത്. ജലക്ഷാമം അതിരൂക്ഷമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ സമ്മതിക്കുന്നു.

മിക്ക ഫ്‌ളാറ്റുകൾക്കും സ്വന്തമായി കിണറുകളും വലിയ ടാങ്കുകളുമുണ്ട്. എന്നാൽ ഇത്തവണ കിണറുകൾ വറ്റിവരണ്ടതോടെ ആവശ്യകതയും പതിന്മടങ്ങ് വർധിച്ചു. ആലുവ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ, കോലഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് വിതരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നത്.

ജല സാമ്പിളുകൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം അനുമതി നൽകിയിട്ടുള്ള സ്രോതസ്സുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇതിനു പുറമെ ജല അതോറിറ്റിയുടെ ആലുവ, മരട്, പള്ളിമുക്ക് കേന്ദ്രങ്ങളിൽ നിന്നും ജലവിതരണം നടക്കുന്നുണ്ട്. ജലക്ഷാമം രൂക്ഷമായതോടെ പല അപ്പാർട്ട്മെന്‍റുകളും കുഴൽക്കിണർ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ കുടിവെള്ളത്തിനായിതുടർന്നും ടാങ്കറുകളെ തന്നെ ആശ്രയിക്കേണ്ടി വരും.

Be the first to comment

Leave a Reply

Your email address will not be published.


*