ആശാവര്‍ക്കേഴ്‌സിനെ പരിഗണിക്കാന്‍ യുഡിഎഫ്; യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെ ആശാവര്‍ക്കേഴ്‌സിനെ പരിഗണിക്കാന്‍ യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും. പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച കെപിസിസി സര്‍ക്കുലര്‍ ഉടനുണ്ടാകും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാനാണ് നീക്കം. കുറഞ്ഞത് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് തീരുമാനം.

ഇതിന്റെ ഭാഗമായാണ് ആശാവര്‍ക്കേഴ്‌സിന് ആയിരം രൂപ അധിക ഇന്‍സെന്റീവ് കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച് . കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം, ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ആം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമരകേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് എസ്‌യുസിഐക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സംഘടനാ നേതാക്കള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി. ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*