‘സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചു’ ; എംഎ ബേബിക്ക് കത്തയച്ച് ആശാ വര്‍ക്കേഴ്‌സ്

സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്തയച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചുവെന്നും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നടപടിയുണ്ടാകണമെന്നും കത്തില്‍ പറയുന്നു.

സിപിഐഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശ സമരങ്ങളും രാജ്യത്താകെ നാനാതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഈ സമരം പണിയെടുത്തുജീവിക്കുന്ന ജനവിഭാഗങ്ങളിലാകെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട് എന്നത് അവഗണിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഈ സമരത്തോട് കേരള സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയും പുലര്‍ത്തുന്ന സമീപനം പുന:പരിശോധിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

കത്തിന്റെ പൂര്‍ണരൂപം:

സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന തുറന്ന കത്ത്

ബഹുമാനപ്പെട്ട എം.എ. ബേബി സര്‍,

താങ്കള്‍ സിപിഐഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം ആദ്യമേതന്നെ രേഖപ്പെടുത്തട്ടെ.

ഞങ്ങള്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരത്തിലാണെന്ന കാര്യം താങ്കള്‍ക്ക് അറിയാമല്ലോ. അനിശ്ചിതകാല നിരാഹാര സമരം മൂന്നാഴ്ചയാകുകയാണ്. ഇതുവരെ ഞങ്ങള്‍ ഉന്നയിച്ച പ്രധാന സിമാന്റുകള്‍ അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഈ സമരത്തെയും സമരനേതാക്കളെയും ആക്ഷേപിക്കുന്ന നിലപാട് ചില സിഐടിയു നേതാക്കള്‍ കൈക്കൊണ്ടെങ്കിലും വളരെ സംയമനത്തോടെയാണ് ഞങ്ങള്‍ അതിനെ നേരിട്ടത്. എന്നാല്‍, ഈ സമരത്തിനു പിന്നില്‍ വിമോചനസമരക്കാരാണെന്നുള്ള താങ്കളുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചു. ഈ സമരത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും തീരുമാനിക്കുന്നത് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മാത്രമാണ് . ഞങ്ങളെ പരസ്യമായി പിന്തുണച്ച 200 ഓളം സംഘടനകളും അനേകം പ്രമുഖ വ്യക്തികളും ഈ സമരത്തെ സര്‍ക്കാരിനെതിരായ ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നവരല്ല. ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ക്ക് വഴങ്ങുന്നവരുമല്ല.

തികച്ചും ന്യായമായ ഡിമാന്റുകള്‍, ജനാധിപത്യപരമായ സമര രീതി, സ്ത്രീതൊഴിലാളികളുടെ പോരാട്ടം, തീരെ ദരിദ്രരും എന്നാല്‍ വലിയ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരുമായ ഒരു ജനവിഭാഗം തുടങ്ങിയ ഘടകങ്ങളൊക്കെയാണ് ഈ സമരത്തിന് പൊതു സമൂഹത്തിന്റെയും മാദ്ധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കിയത്. ഇതാണ് ഞങ്ങളുടെ മനസ്സിലാക്കല്‍.

7000 രൂപ ഓണറേറിയം കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തീരെ അപര്യാപ്തമാണെന്ന് അറിയാവുന്നതുകൊണ്ടാണല്ലോ എല്‍ ഡി എഫ് പ്രകടനപത്രിക 21,000 രൂപ വാഗ്ദാനം ചെയ്തത്. 2025 ജനുവരി 20 ന് സിഐടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ 15,000 രൂപ ഓണറേറിയം കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടതും നമ്മള്‍ കണ്ടതാണ്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകാലം കഠിനാദ്ധ്വാനം ചെയ്ത് പിരിഞ്ഞു പോകുമ്പോള്‍ വെറും കൈയോടെ പടിയിറങ്ങേണ്ടി വരാതിരിക്കാന്‍ 5,00,000 രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നതും പ്രധാന ഡിമാന്റാണ്. ഇത് മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.

ഈ ഡിമാന്റുകളോട് അനുഭാവപൂര്‍വ്വമായ സമീപനം കേരള സര്‍ക്കാര്‍ സ്വീകരിച്ചാല്‍ വിട്ടുവീഴ്ചകള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. സമരം നീട്ടിക്കൊണ്ടു പോകണമെന്ന യാതൊരു കടും പിടുത്തവും സമരസമിതിക്കില്ല.

ഇന്‍സെന്റീവ് വര്‍ദ്ധനവിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുകയും ചെയ്തവരാണ് ഞങ്ങള്‍. ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുമെന്ന കേന്ദ്രആരോഗ്യ മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാണുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കേന്ദ്ര- സംസ്ഥാന തര്‍ക്കങ്ങള്‍ തുടങ്ങിയവയൊന്നും മിനിമം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നില്ല എന്നതല്ലേ ശരി? ഒരു ട്രേഡ് യൂണിയനിലും അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ തൊഴിലാളി സംഘടന സംസ്ഥാനത്തെ മുഴുവന്‍ ആശ വര്‍ക്കര്‍മാരുടെയും താല്പര്യത്തിനാണ് പൊരുതുന്നത്.

തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശ സമരങ്ങളും രാജ്യത്താകെ നാനാതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഈ സമരം പണിയെടുത്തുജീവിക്കുന്ന ജനവിഭാഗങ്ങളിലാകെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. എന്നാല്‍, ഈ സമരത്തോട് കേരള സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയും പുലര്‍ത്തുന്ന സമീപനം പുന:പരിശോധിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ സമരം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലാകെ പുതിയൊരു ഉണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീത്തൊഴിലാളികളുടെ അന്തസ്സും അവകാശബോധവും ഉയര്‍ത്തിയിട്ടുമുണ്ട്. പുരോഗമന മുന്നേറ്റത്തിന് സഹായകമായ ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ തടസ്സമായിക്കൂടാ. ഇത്തരം ഗുണപരമായ ചലനങ്ങളെ ശക്തിപ്പെടുത്താന്‍ മറ്റാരേക്കാളും ഇടതുപക്ഷശക്തികള്‍ക്ക് ബാദ്ധ്യതയുണ്ട് എന്നതും മറക്കാവതല്ല.

സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയില്‍ ഞങ്ങളുടെ ഡിമാന്റുകളും വിലയിരുത്തലുകളും അര്‍ഹമായ ഗൗരവത്തോടെ പരിഗണിച്ച് ഈ സമരം ഡിമാന്റുകള്‍ നേടി അവസാനിപ്പിക്കാനുള്ള സത്വര നടപടിയുണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*