‘നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍; കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കി; ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ വീണ്ടുമെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നുണയില്‍ പിണയും പിണറായി സര്‍ക്കാരെന്നും ആശാവര്‍ക്കര്‍മാരെ വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം. വീണാ ജോര്‍ജും ശിവന്‍ കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. ആ ബോധ്യം വച്ചുകൊണ്ട് ഇത് രാഷ്ട്രീയ ആയൂധമാക്കാന്‍ ഞാനില്ല. ഡല്‍ഹിയില്‍ പോയി സമരമിരുന്നാല്‍ ഞാനും വരാമെന്ന മന്ത്രിയുടെ പരാമര്‍ശം തെറ്റായിപ്പോയി. ഒരു മന്ത്രിക്ക് അങ്ങനെ സമരം ചെയ്യാന്‍ പറ്റില്ല. അതും നിങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്. വെറും നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍ എന്നു ഞാന്‍ ഇപ്പോള്‍ പറയും.

‘എന്താണോ നിയമപ്രകാരം കൊടുക്കേണ്ടത് കൊടുത്തുകഴിഞ്ഞു. ഇനിയും കൊടത്തില്ല എന്നു പറയുന്നുണ്ടെങ്കില്‍ അതിന് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. കുറവുണ്ടെങ്കില്‍ നോക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അവിടെ നുണ പറയാന്‍ പറ്റില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റില്ലെങ്കില്‍ അതാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. പാര്‍ലിമെന്റില്‍ ഓണ്‍ റെക്കോര്‍ഡ് ആയാണ് പറഞ്ഞത്.

2012ല്‍ ഈ സംവിധാനം കൊണ്ടുവന്ന ഇന്നത്തെ പ്രതിപക്ഷത്തിരിക്കുന്ന മഹാന്‍മാരോട് നിങ്ങള്‍ ചോദിക്കൂ ഇതിന്റെ ഘടനയെങ്ങനൊയാണന്ന്. അതുവച്ച് കേന്ദ്രത്തിന് എന്താണ് ചെയ്യാന്‍ ഉത്തരവാദിത്വമുള്ളത്, എന്താണ് ആ നിയമാവലിക്കുളളില്‍ വച്ച് ചെയ്യാന്‍ കഴിയുക എന്നാലോചിക്കൂ. ഞാന്‍ പറയുന്നതെല്ലാം വസ്തുതയാണ് ആണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിക്കാന്‍ കേരളത്തിലെ ജനങ്ങളില്ലേ? കേരളത്തിലെ ജനങ്ങളുടെ വക്താക്കളായി മാധ്യമങ്ങളില്ലേ? അതിനും സിബിഐയും വരണോ?’- സുരേഷ് ഗോപി പറഞ്ഞു.സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഭാഷാ മനസിലാകാത്തതിനാലാകാമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*