ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; ആദ്യ ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 3:30 മുതലാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ പോരാട്ടം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. അതേസമയം സ്വന്തം മണ്ണിലാണ് പോരാട്ടമെന്നത് ഇംഗ്ലണ്ടിന് മേല്‍കൈ നൽകുന്നു.

ഇംഗ്ലണ്ടിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് നയിക്കുമ്പോള്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തില്‍ നിന്ന് 2021-ല്‍ വിരമിച്ച സ്പിന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ തിരിച്ചുവിളിച്ചിട്ടുണ്ട്.

വെറ്ററന്‍ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ്ങിനെ നയിക്കുന്നത്. പിന്തുണയുമായി ഒലി റോബിന്‍സണും സ്‌റ്റോക്‌സുമുണ്ട്. ബാറ്റിങ് നിരയില്‍ മുന്‍ നായകന്‍ ജോ റൂട്ടാണ് അവരുടെ തുറുപ്പ് ചീട്ട്. റൂട്ടിന് പിന്തുണയുമായി ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി,ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്‌റ്റോ എന്നിവരും അണിനിരക്കുന്നു. അലിയാണ് ഏക സ്പിന്നര്‍.

സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് ഇതുവരെ ആഷസ് പരമ്പര തോറ്റിട്ടില്ല. ആ റെക്കോഡ് നിലനിര്‍ത്താനാണ് സ്‌റ്റോക്‌സും സംഘവും ശ്രമിക്കുന്നത്. ആഷസ് പരമ്പരയില്‍ മികച്ച റെക്കോഡുള്ള ആന്‍ഡേഴ്‌സണിലാണ് അവരുടെ പ്രതീക്ഷയത്രയും. 35 ആഷസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആന്‍ഡേഴ്‌സണ്‍ 112 വിക്കറ്റുകളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

മറുവശത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ‘ലോക കിരീടം’ ചൂടിയതിന്റെ ആവേശത്തിലാണ് ഓസ്‌ല്രേിയ. മുന്‍നായകന്‍ സ്റ്റീവന്‍ സ്മിത്ത്, മധ്യനിര താരങ്ങളായ മാര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരുടെ മികച്ച ഫോം തുണയാകുമെന്നാണ് ഓസീസ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കെതിരേ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്മിത്തും ഹെഡും സെഞ്ചുറി നേടിയിരുന്നു. അതേ ഫോം അവര്‍ ആഷസിലും തുടരുമെന്നാണ് ഓസീസ് ആരാധകരുടെ പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*