
വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം നാള്‍ ഇന്നിംഗ്‌സ് വിജയം നേടി ഇന്ത്യ. 271 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 50 ഓവറില്‍ എല്ലാവരെയും നഷ്ടപ്പെട്ടു. വെറും 130 റണ്‍സിനാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചത്. ഇതോടെ ഇന്നിംഗ്‌സിന്റെയും 141 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. 2023-25 ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ വിജയത്തിന് കൂടിയാണ് ഡൊമിനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്ക് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്.
രണ്ടാം ഇന്നിംഗ്‌സില്‍ 71 റണ്‍സിന് ഏഴുവിക്കറ്റ് നേടിയ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് വിന്‍ഡീസ് പടയെ മുട്ടുകുത്തിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ നേടിയ അശ്വിന്‍ ഇതോടെ 12 വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്‌സില്‍ അലിക് അതനാസ് (28), ജേസണ്‍ ഹോള്‍ഡര്‍ (20), ജോമല്‍ വറികാന്‍ (18) എന്നിവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 421 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച യുവതാരം യശസ്വി ജയ്‌സ്വാളിന് ഇരട്ട സെഞ്ച്വറി നേടാനായില്ല. ജയ്‌സ്വാളിനെ വീഴ്ത്തി ഒടുവില്‍ അന്‍സാരി ജോസഫാണ് വെസ്റ്റ് ഇന്‍ഡീസിന് നിര്‍ണായക ബ്രേയ്ക്ക് ത്രൂ നല്‍കിയത്. പുറത്താകുമ്പോള്‍ 171 റണ്‍സായിരുന്നു ജയ്‌സ്വാളിന്റെ സമ്പാദ്യം. 387 പന്തില്‍ 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.
പിന്നാലെ എത്തിയ അജിങ്ക്യ രഹാനെ മൂന്ന് റണ്‍സ് മാത്രം എടുത്ത് പുറത്തായി. കെമര്‍ റോച്ചിനായിരുന്നു വിക്കറ്റ്. ഒരറ്റത്ത് ഉറച്ചുനിന്ന വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ 400 കടക്കാന്‍ സഹായിച്ചത്. 182 പന്ത് നേരിട്ട കോഹ്ലി 76 റണ്‍സ് നേടി. അഞ്ച് ഫോറുകളാണ് കോഹ്‌ലിയുടെ ഇന്നിംഗ്‌സിലുള്ളത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഒന്‍പത് ബൗളര്‍മാരെയാണ് വിന്‍ഡീസ് പരീക്ഷിച്ചത്. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍, വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡിസില്‍വ എന്നിവരൊഴികെ എല്ലാവരും വിന്‍ഡീസിനായി പന്തെറിഞ്ഞു.
Be the first to comment