ഏഷ്യാ കപ്പ്; ആവേശ പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് ജയം

ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം. പാകിസ്താൻ മുന്നോട്ടുവച്ച 148 റൺസ് വിജയലക്ഷ്യം 2 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ജോയിൻ്റ് ടോപ്പ് സ്കോറർ. വിരാട് കോലി (35), ഹാർദ്ദിക് പാണ്ഡ്യ (33 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ജഡേജയും ഹാർദ്ദിക്കും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 52 റൺസിൻ്റെ കൂട്ടുകെട്ട് കളിയിൽ നിർണായകമായി. 

19കാരന്‍ നസീം ഷായുടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ വിറച്ചു. രണ്ടാം പന്തില്‍ രാഹുല്‍ ബൗള്‍ഡായി.നവാസ് മുഹമ്മദിനെതിരെ രോഹിത് സിക്സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച് വീണു. 18 പന്തില്‍ 12 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന. തൊട്ടു പിന്നാലെ ഭാഗ്യത്തിന്‍റെ പിന്തുണയോടെ ക്രീസില്‍ നിന്ന കോലിക്കും അടിതെറ്റി. നവാസിന്‍റെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ ബൗണ്ടറി പറത്താന്‍ ശ്രമിച്ച കോലിയെ ലോംഗ് ഓണില്‍ ഇഫ്തിഖര്‍ കൈയിലൊതുക്കി. നൂറാം മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സുമായി കോലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 53ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.

സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും പിടിച്ചു നിന്നെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. ഒടുവില്‍ നസീം ഷാക്കെതിരെ കെട്ടുപൊട്ടിക്കാന്‍ നോക്കിയ സൂര്യകുമാര്‍(18 പന്തില്‍ 18) ക്ലീന്‍ ബൗള്‍ഡായതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. നസീം ഷാക്കെതിരെ തകര്‍പ്പന്‍ ബൗണ്ടറി നേടി ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതീക്ഷ നല്‍കി. എങ്കിലും പാക് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞതോടെ അവസാന നാലോവറില്‍ ഇന്ത്യന്‍ ലക്ഷ്യം 41 റണ്‍സായി.

അവസാന ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ മുഹമ്മദ് നവാസിനെതിരെ സിക്സര്‍ പറത്താന്‍ ശ്രമിച്ച രവീന്ദ്ര ജഡേജ(29 പന്തില്‍ 35) ക്ലീന്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം അഞ്ച് പന്തില്‍ ഏഴ് റണ്‍സായി. രണ്ടാം പന്തില്‍ കാര്‍ത്തിക് സിംഗിളെടുത്ത് സ്ട്രൈക്ക് ഹാര്‍ദ്ദിക്കിന് കൈമാറി. അടുത്ത പന്തില്‍ ഹാര്‍ദ്ദിക്കിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യന്‍ ലക്ഷ്യം. നാലാം പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ഹാര്‍ദ്ദിക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*