ഏഷ്യന്‍ ഗെയിംസ്: 4 x 400 റിലേയില്‍ മലയാളികള്‍ ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം, ജാവലിനില്‍ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്ത് നീരജ് ചോപ്ര. ഈയിനത്തില്‍ ഇന്ത്യ നീരജിലൂടെ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നു നടന്ന ഫൈനലില്‍ 88.88 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചായിരുന്നു നീരജിന്റെ സുവര്‍ണ നേട്ടം. തന്റെ നാലാം ശ്രമത്തിലാണ് നീരജ് ഈ ദൂരം പിന്നിട്ടത്. സീസണില്‍ തന്റെ മികച്ച പ്രകടനം കൂടിയാണ് നീരജ് ഇന്ന് പുറത്തെടുത്തത്.

ഈയിനത്തില്‍ വെള്ളിയും ഇന്ത്യയ്ക്കു തന്നെയായിരുന്നു. നീരജിനു പിന്നില്‍ കിഷോര്‍ കുമാര്‍ ജെനയാണ് വെള്ളിയണിഞ്ഞത്. 87.54 മീറ്റര്‍ കണ്ടെത്തിയാണ് കിഷോര്‍ വെള്ളി നേടിയത്. തന്റെ നാലാം ശ്രമത്തിലായിരുന്നു കിഷോറിന്റെ നേട്ടം. ഇന്ത്യന്‍ താരങ്ങള്‍ക്കു പിന്നില്‍ 82.68 മീറ്റര്‍ ദൂരം കണ്ടെത്തി ജപ്പാന്റെ ഗെങ്കി റോഡ്രിക് വെങ്കലം നേടി.

ഗെയിംസ് അത്‌ലറ്റിക്‌സിന്റെ അവസാന ഇനമായ പുരുഷന്മാരുടെ 4-400 മീറ്ററിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹ്യ, മുഹമ്മദ് അജ്മല്‍, ഡല്‍ഹി മലയാളി അമോജ് ജേക്കബ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 3:01.58 എന്ന സമയത്തിലാണ് സ്വര്‍ണമണിഞ്ഞത്. തമിഴ്‌നാട്ടുകാരനായ രാജേഷ് രമേഷായിരുന്നു ടീമിലെ നാലാമന്‍. മിന്നും പ്രകടനത്തോടെ ദേശീയ റെക്കോഡ് തകര്‍ക്കാനും ഇവര്‍ക്കായി.

നീരജിന്റെ സ്വര്‍ണത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 81 ആയി ഉയര്‍ന്നു. 18 സ്വര്‍ണം, 31 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍. 165 സ്വര്‍ണവുമായി ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ (33 സ്വര്‍ണം), ദക്ഷിണകൊറിയ (32 സ്വര്‍ണം) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യ.

Be the first to comment

Leave a Reply

Your email address will not be published.


*