ഈശോയുടെ പീഡാസഹനത്തെ പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു പോന്ന പാരമ്പര്യത്തിൽ നിന്നാണ് കുരിശിന്റെ വഴിയുടെ തുടക്കമെന്നു പറയപ്പെടുന്നു. ജറുസലേമിലെ ‘വിയ ദോളോറോസായിൽ’ രേഖപെടുത്തിരിക്കുന്ന കുരിശിന്റെ വഴിയുടെ സ്ഥലങ്ങളാണ് ഇന്നും ലോകമെങ്ങും പ്രചാരത്തിലിരിക്കുന്നത്, എന്നാൽ ഈ കുരിശിന്റെ വഴിയിലെ പല സ്ഥലങ്ങളും ബൈബിൾ അധിഷ്ടിതമല്ല. ഈശോ കുരിശും വഹിച്ചു കൊണ്ട് ഗാഗുൽത്താമലയിലേക്കുള്ള തന്റെ യാത്രയിൽ മൂന്നു പ്രാവിശ്യം കമിഴ്ന്നു വീഴുന്നതും മാർഗമധ്യേ വെറോനിക്ക ഈശോയുടെ തിരുമുഖം തുടക്കുന്നതുമെല്ലാം കുരിശിന്റെ വഴിയിലെ സ്ഥലങ്ങളായി ചിത്രികരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബൈബിളിൽ യാതൊരുവിധ പരാമർശങ്ങളുമില്ല. പ്രാദേശിക പാരമ്പര്യങ്ങളിൽ നിന്നും ഉടലെടുത്തിട്ടുള്ളവയാണ് ഇവയെല്ലാം.
നിലവിലുള്ള കുരിശിന്റെ വഴിയിൽ പതിനാലു സ്ഥലങ്ങളിൽ ബൈബിൾ അധിഷ്ഠിതമല്ലാത്ത ആറ് സ്ഥലങ്ങൾക്കു പകരം മറ്റു ആറ് സ്ഥലങ്ങൾ കൂട്ടി ചേർത്ത് ആദ്യമായി വത്തിക്കാനിൽ കുരിശിന്റെ വഴി അർപ്പിച്ചത് ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ്. ഈ കുരിശിന്റെ വഴിയേ അടിസ്ഥാനമാക്കി രൂപകല്പന നടത്തിയ കുരിശിന്റെ വഴിയായിരുന്നു ആദ്യം അതിരമ്പുഴ പള്ളിയിൽ ഉണ്ടായിരുന്നത് . പിന്നീട് ചങ്ങനാശേരി അതിരൂപത മെത്രാപോലിത്ത മാർ.ജോസഫ് പെരുന്തോട്ടം പിതാവിന്റെ നിർദ്ദേശാനുസരണം ഈശോയുടെ ഉത്ഥാനവും സ്വർഗ്ഗാരോഹണവും ഉൾപ്പെടുത്തി പതിനാറ് സ്ഥലങ്ങളിലായിട്ടാണ് അതിരമ്പുഴ പള്ളിയിൽ ബൈബിൾ അധിഷ്ഠിതമായ കുരിശിന്റെ വഴിയുടെ ശിൽപാവിഷ്കാരം നിർവഹിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏക ബൈബിൾ അധിഷ്ഠിത കുരിശിന്റെ വഴിയാണ് അതിരമ്പുഴ പള്ളിയിൽ നടക്കുന്നത്.
ഈശോയെ കുരിശിൽ തറച്ച കുരിശിന്റെ തിരുശേഷിപ്പ് എഴുന്നെള്ളിച്ചു വെച്ചാണ് കുരിശിന്റെ വഴി നടത്തുന്നതെന്ന പ്രത്യേകതയും ഇവിടുണ്ട്. നൂറുകണക്കിന് വിശ്വാസികളാണ് എല്ലാ വെള്ളിയാഴ്ചയും 5.30 ന്റെ വി. കുർബാനയ്ക്ക് ശേഷം നടക്കുന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ അതിരമ്പുഴ പള്ളിയിൽ എത്തുന്നത്. അതിരമ്പുഴ പള്ളിയിലെ ഗദ്സെമൻ കൂട്ടായ്‌മയാണ് കുരിശിന്റെ വഴിക്കു നേത്ര്വത്വം നൽകുന്നത്.
Be the first to comment