മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം: സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഇല്ലെന്നാണ് പോലീസ് അനിൽ അക്കരയെ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാണ് സുരേഷ് ​ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയത്. തുടർന്നാണ് അനിൽ അക്കര പരാതി നൽകിയത്. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു.

കയ്യേറ്റത്തിനിരയായ മാധ്യമ പ്രവർത്തകർ മൊഴി പൊലീസിന് നൽകിയിട്ടും കേസെടുക്കാത്തത് പിണറായി – ബിജെപി ഡീലിന്റെ ഭാഗമായാണെന്ന ആരോപണവുമായി അനിൽ അക്കര രം​ഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*