ജനകീയ വിഷയങ്ങളുമായി ഡിഎംകെ ചേലക്കരയിൽ പ്രചരണം ശക്തമാക്കും: പി വി അൻവർ

തൃശൂർ : ചേലക്കരയിൽ ജനകീയ വിഷയങ്ങളുമായി ഡിഎംകെ പ്രചാരണം ശക്തമാക്കുമെന്ന് പിവി അൻവർ എംഎൽഎ. ഡിഎംകെ സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളാണ് പിവി അൻവർ ഉന്നയിച്ചത്.

കേരളത്തിൽ ഇത് വരെ എസ്‌സി വിഭാഗത്തിൽ നിന്ന് ഒരു മന്ത്രി ഇല്ല. ഈ വിഭാഗത്തെ എത്രത്തോളം തഴയാൻ കഴിയുമെന്നാണ് ഇടതുപക്ഷം കാണിച്ചു തരുകയാണ്. കേരള മന്ത്രി സഭയുടെ ചരിത്രം പരിശോധിച്ചാൽ 1957 ന് ശേഷം ആദ്യമായാണ് എസ്‌സി വിഭാഗത്തിന് മന്ത്രി ഇല്ലാത്ത ഒരു മന്ത്രി സഭ കടന്നുപോകുന്നത് എന്ന് അൻവർ ആരോപിച്ചു.

എസ്‌ടി വിഭാഗത്തിൽ നിന്നുള്ള മന്ത്രി കേളുവിനെ വയനാട് ദുരന്തമുഖത്ത് പോലും അവഗണിക്കുകയാണ് ചെയ്‌തത്. ദുരന്ത ഭൂമിയിൽ വയനാട്ടിലെ മന്ത്രിയായ കേളുവിന് പൂർണമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തി. പി എ മുഹമ്മദ് റിയാസും കെ രാജനുമാണ് അവിടെ പ്രവർത്തിച്ചത്. എന്ത് കുറവിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയതെന്ന് അവർ മറുപടി പറയണമെന്നും അൻവർ പറഞ്ഞു.

2018 ലെ പ്രളയത്തിൽ വലിയ നഷ്‌ടങ്ങൾ വന്ന നാടാണ് ചേലക്കരയും. ഇവിടെ വീടുകൾ തകർന്നവർക്ക് ഇതുവരെ സഹായം ലഭിച്ചിട്ടില്ല. രണ്ട് വീടുകൾ പൂർണമായും തകർന്നിരുന്നു. അവർക്ക് ഡിഎംകെ വീട് വച്ച് നൽകും. വീടിന്‍റെ പ്രവർത്തനം ഒക്‌ടോബർ 27 ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*