അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും ബുധനാഴ്‌ച ആരംഭിക്കും.
ഈ മാസം 10 മുതൽ 18 വരെ ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. 14 ഞായറാഴ്‌ച ദിവസം വൈകുന്നേരം 4.15നും 6.15 നുമാണ് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കുന്നത്. 10 മുതൽ 18 വരെ ദിവസങ്ങളിൽ വൈകുന്നേരത്തെ തിരുക്കർമങ്ങളിൽ യഥാക്രമം ഫാ.ജേക്കബ് കളത്തിവീട്ടിൽ, ഫാ.മാത്യു വടക്കേറ്റത്ത്, ഫാ.മാത്യു കാവനാട്ട്, ഫാ.മാത്യു മരങ്ങാട്ട്, ഫാ. ജോൺ തറക്കുന്നേൽ, ഫാ.ജോസഫ് മുണ്ടുവേലിൽ, ഫാ.സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, ഫാ.യോഹന്നാൻ കട്ടത്തറ, ഫാ.ജോസഫ് ചോരേട്ട്, ഫാ.ആന്റണി എതിരേറ്റ് കുടിലിൽ എന്നിവർ കാർമികത്വം വഹിക്കും.
19 ന് അതിരമ്പുഴ തിരുനാളിന് കൊടിയേറും.രാവിലെ ഏഴിന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ കൊടിയേറ്റ് നിർവ്വഹിക്കും. അന്നേ ദിവസം വൈകുന്നേരം വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണവും നടക്കും. 20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും.
20 മുതൽ 23 വരെ തിയതികളിൽ ദേശക്കഴുന്ന് നടക്കും.ദേശക്കഴുന്നിന് മുന്നോടിയായുള്ള വീടുകളിലെ കഴുന്ന് വെഞ്ചരിപ്പ് 10 മുതൽ 18 വരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് നടക്കുന്നത്. മുൻ വർഷങ്ങളേക്കാൾ വ്യത്യസ്തമായി ദേശകഴുന്നിനു ശേഷം നടന്നിരുന്ന കലാപരിപാടികൾ ഇത്തവണ 28 മുതൽ 31 വരെ തിയതികളിൽ ദിവസവും വൈകിട്ട് ഏഴിനാണ് നടക്കുക.
24, 25 തീയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ. 24നു വൈകുന്നേരം നഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. 25ന് വൈകുന്നേരം തിരുനാൾ പ്രദക്ഷിണവും തുടർന്ന് പ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ടും നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
Be the first to comment