അതിരമ്പുഴ മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്‌ഘാടനം ബുധനാഴ്ച

ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് സെർജോ നഗറിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആര്യ രാജൻ ഉദ്ഘാടനം നിർവഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ അധ്യക്ഷത വഹിക്കും.

വർഷങ്ങളായി കുടി വെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് മാവേലിനഗർ, 5ാം വാർഡ് ചക്കാലക്കുന്ന് ഭാഗങ്ങൾ. പദ്ധതി നടപ്പിലാക്കുന്നതിനായി കുളം നിർമ്മിക്കുന്നതിനായി പാലുക്കുഴുപ്പിൽ  ജോജോ 5 സെന്റ് സ്ഥലവും , ടാങ്ക് നിർമ്മിക്കുന്നതിനായി വിലങ്ങിയിൽ ഫിലോമിന ജോൺ 2.5 സെന്റ് സ്ഥലം  സൗജന്യമായി നൽകിയതിനാലാണ് പദ്ധതി നടത്തുവാൻ സാധിച്ചത്. 42 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജി തടത്തിൽ  2016 ൽ തുടങ്ങിയ പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ആൻസ് വർഗ്ഗീസ് തുടർ പ്രവർത്തനം നടത്തി പദ്ധതി പൂർത്തീകരണത്തിലെത്തി. 2019 ൽ മുൻ എം.എൽ. ശ്രീ. സുരേഷ് കുറുപ്പാണ് മൂപ്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. തുക പൂർണമായും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിക്കുന്നത്. ഈ പ്രദേശത്തെ ഇരുന്നോറോളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകുവാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മാവേലി നഗർകുടിവെള്ള സമിതി പ്രസിഡന്റ് ജോഷി പ്ലാത്തോട്ടത്തിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*