അതിരമ്പുഴ: സാങ്കേതിക പ്രശ്നം മൂലം തടസപ്പെട്ട അതിരമ്പുഴ സസ്യമാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി എന്നിവർ അറിയിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ മണ്ണിൻ്റെ ഘടന വ്യത്യാസമാണ്, മാർച്ച് മാസം പകുതിയോടെ ആരംഭിച്ച കലുങ്ക് പുനർനിർമ്മാണ പ്രവർത്തികൾ തടസപ്പെടാനിടയാക്കിയത്.
പുനരുദ്ധാരണ പ്രവർത്തികൾക്കായി തകരാറിലായ കലുങ്ക് പൊളിച്ചു നീക്കി ഫൗണ്ടേഷനായി മണ്ണ് നീക്കിയപ്പോഴാണ് ഈ ഭാഗം ചതുപ്പ് ആണെന്നു തിരിച്ചറിഞ്ഞത്. സമീപ സ്ഥലങ്ങൾ മണ്ണിട്ടുയർത്തിയ ഭാഗങ്ങളായതിനാലാണ് നിലവിലുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയ സമയത്ത് മണ്ണിന്റെ ബലക്കുറവ് മുൻകൂട്ടി കണ്ടെത്താൻ കഴിയാതെപോയത്. ഇതോടെ ജില്ലാ പഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ പണി പൂർത്തീകരിക്കാൻ കഴിയാതെ വന്നു. വിവരം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പ്രവർത്തിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്ന ജില്ലാ പഞ്ചായത്തിൽ നിന്നും എസ്റ്റിമേറ്റ് ഭേദഗതി വരുത്തുന്നതിന് ആവശ്യമായ അംഗീകാരത്തിനായി കത്ത് നൽകി. അനുമതി ലഭ്യമായാൽ മാത്രമേ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്താൻ കഴിയുകയുള്ളു.
നിലവിലുള്ള നിയമങ്ങൾ പ്രകാരം പൈലിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിന് മുൻപ് CTE ക്ക് റിപ്പോർട്ട് ചെയ്തു 7 ദിവസത്തിന് ശേഷമേ പ്രവർത്തി ആരംഭിക്കുവാൻ കഴിയൂ. ഭേദഗതി ചെയ്ത എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനായുള്ള നിയമാനുസൃത നടപടികൾ പൂർത്തീകരിച്ചു വരുന്നു. താമസിക്കാതെ നിർമ്മാണം പുനരാരംഭിക്കുമെന്ന് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, അസിസ്റ്റന്റ് എൻജിനീയർ രാജേഷ് ഡി നായർ എന്നിവർ അറിയിച്ചു.
Be the first to comment