ജനമനസ്സ് കീഴടക്കി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഇന്ന് പടിയിറങ്ങുന്നു

അതിരമ്പുഴ: ജനമനസ്സ് കീഴടക്കി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഇന്ന് പടിയിറങ്ങുന്നു. 2022 ഒക്ടോബർ 26 നാണ് യു ഡി എഫ് ധാരണയനുസരിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ് പദവി സജി തടത്തിൽ ഏറ്റെടുക്കുന്നത്. 16 മാസക്കാലം ആയിരുന്നു കോൺഗ്രസ് പാർട്ടിയിലെ ധാരണയെങ്കിലും യു ഡി എഫ് കെട്ടുറപ്പിനെ മാനിച്ച് രണ്ട് മാസം മുമ്പേ ഇന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയാണ്. ചുരുങ്ങിയ 14 മാസ കാലയളവിൽ അതിരമ്പുഴ പഞ്ചായത്തിന്റെ പ്രസിസന്റായി പഞ്ചായത്തിനെ നയിക്കുവാൻ സാധിച്ചതിൽ  നിറഞ്ഞ അഭിമാനമുണ്ടെന്നും എന്നിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം യാഥാർത്ഥ്യമാക്കുവാൻ സാധിച്ചുവെന്നും സജി തടത്തിൽ പറഞ്ഞു.

സജി തടത്തിലിന്റെ കുറിപ്പ്:

വർഷങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന മാവേലിനഗർ ഭാഗത്ത്  ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വിഭാവനം ചെയ്ത് തുടങ്ങിവച്ച മാവേലിനഗർ കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് ശുദ്ധജലം നൽകുവാൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട്. അതിരമ്പുഴ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ ശുചിമുറികൾ സ്ഥാപിക്കുക എന്നത് . ഈ ആവശ്യം പരിഗണിച്ച് അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ എത്തുന്നവരുടെയും, സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനായി “ടേക്ക് എ ബ്രേക്ക്” എന്ന പുതിയ പദ്ധതി നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിക്കുവാൻ സാധിച്ചു. 30 ലക്ഷം ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. സ്ത്രീകൾക്കും, പുരുഷൻമാർക്കും പ്രത്യേകം ശുചിമുറികൾ, കുടുംബശ്രീ കഫേ എന്നിവയാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും പശ്ചാത്തല വികസനം വർദ്ധിപ്പിക്കുന്നതിനായി 2023 – 2024 വാർഷി പദ്ധതിയിൽ ഓരോ വാർഡിലേക്കും 25 ലക്ഷം വീതം പഞ്ചായത്ത് കമ്മിറ്റിക്ക് അനുവദിക്കുവാൻ സാധിച്ചു. കേരളത്തിലെ തന്നെ ആദ്യ പഞ്ചായത്ത് ആവാം 25 ലക്ഷം വീതം വാർഡ് വിഹിതം ലഭിക്കുക എന്നത്. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം സക്ഷാൽകരിക്കുന്നതിന് 1 കോടി MCF ന് സ്ഥലം വാങ്ങുന്നതിനും , 1.5 കോടി കെട്ടിടം നിർമ്മിക്കുന്നതിനും 2023 – 2024 സാമ്പത്തികവർഷം വകയിരുത്തി സ്ഥലം ഏറ്റെടുക്കൽ നടന്ന് വരികയാണ്. അതിരമ്പുഴ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെണ്ണാർതോട് ശുചീകരണത്തിനായി ബഹുവർഷ പദ്ധതിയായി 50 ലക്ഷം വകയിരുത്തി മേജർ ഇറിഗേഷനിൽനിന്നും സാങ്കേതിക അനുമതി ലഭിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കി അന്തിമഘട്ടത്തിലാണ്.അതിരമ്പുഴ ചന്തയിലെ പ്രധാന ജലശ്രോതസ്സായിരുന്ന പൊതു കിണർ സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിച്ച് മൂടിയിരിക്കുന്നു. പൊതുകിണർ വൃത്തിയാക്കി പൂർവ്വസ്ഥിതിയിലാക്കുന്നതിനായി 3 ലക്ഷം വരിയിരുത്തി ടെണ്ടർ നടപടി പൂർത്തിയാക്കി. ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു റോഡുകളിലെ മുഴുവൻ വൈദ്യുതി പോസ്റ്റിലും വഴിവിളക്കുകൾ സ്ഥാപിക്കുക എന്നത് .അത് യാഥാർത്ഥ്യമാക്കുവാൻ സാധിച്ചു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ പരമാവധി കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുവാൻ സാധിച്ചു. ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പൈപ്പ്ലൈൻ സ്ഥാപിച്ച് തകർന്ന് കിടക്കുന്ന റോഡുകൾ പുന:സ്ഥാപിക്കുന്നതിനായി 12 കോടിയുടെ ഭരണാനുമതി ലഭിച്ചു. ടെണ്ടർ നടപടികൾ സംബന്ധിച്ച് ഇന്ന് ചേരുന്ന (3/1/2023) പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനം എടുക്കും. അതിരമ്പുഴ പഞ്ചായത്തിനെയും – കാണക്കാരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആനമല – കണ്ണാംതോട്ടം റോഡിലെ തോട്ടനാനിപ്പടിയിലെ തകർന്ന കലുങ്ക് പുനർനിർമ്മാണവും , അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 8 ലക്ഷം വകയിരുത്തി ടെണ്ടർ നടപടി പൂർത്തിയാക്കി.

ഏറെ വൈകിയ കാരിത്താസ് മേൽപ്പാലം അപ്രോച്ച് റോഡ് നിർമ്മാണം, അതിരമ്പുഴ മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾ, പരിസ്ഥിതിയെ ബാധിക്കുന്ന മറ്റ് അനധികൃത കയ്യേറ്റങ്ങൾ തുടങ്ങിയവ ഒഴിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ സത്യസന്ധമായി നിർവ്വഹിച്ചിട്ടുണ്ട്.

എനിക്ക് എല്ലാവിധ പിന്തുണയായി നിലകൊണ്ട യശ്ശശരീരനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഏറ്റവും ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാർ അഡ്വ. ചാണ്ടി ഉമ്മൻ MLA , തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA , ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് , മുൻ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുൻ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ കെ.ജി ഹരിദാസ് , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ , യു ഡി എഫ് ഘടകകക്ഷി നേതാക്കൾ, കോൺഗ്രസ് 3-ാം വാർഡ് ബൂത്ത് പ്രസിഡന്റുമാർ ,യു ഡി എഫ് പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്തിലെ സ്റ്റാഫ് ഇതിലെല്ലാം ഉപരി എന്നെ കൈ പിടിച്ചുയർത്തി, എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച എന്റെ 3-ാം വാർഡിലെ വോട്ടർമാരെയും പ്രത്യേകിച്ച് മാവേലിനഗർ കുടിവെള്ള പദ്ധതിക്ക് 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയ പാലുക്കുഴുപ്പിൽ ജോജോയെയും കുടുംബത്തെയും, കുടിവെള്ള പദ്ധതിക്ക് ഓവർഹെഡ് ടാങ്ക് നിർമ്മിക്കുന്നതിന് രണ്ടര സെന്റ് സ്ഥലം സൗജന്യമായി നൽകിയ വിലങ്ങിയിൽ ഫിലോമിന ജോണിനെയും കുടുംബത്തെയും, ചെട്ടിപ്പറമ്പ് -ചിറക്കര റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിന് 2 ലക്ഷം നൽകിയ വലിയതടത്തിൽ കളരിക്കൽ ബേബിച്ചേട്ടനെയും കുടുംബത്തെയും ഈ അവസരത്തിൽ ഞാൻ നന്ദിപൂർവം സ്മരിക്കുകയാണ്. പൊതുവായ എല്ലാ ജനകിയ പ്രശ്നങ്ങളിലും നീതിപൂർവ്വം ഫലപ്രദമായി ഇടപെടുവാൻ സാധിച്ചതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. അതിരമ്പുഴയുടെ പൊതുവായ വികസനത്തിനായി എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രയത്നിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*