അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു

അതിരമ്പുഴ : സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു.   വൈകുന്നേരം നടന്ന തിരുകർമ്മങ്ങളിൽ  അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.

അതിരമ്പുഴ പള്ളിയിലെ അറുപത്തിനാലോളം  വരുന്ന കൂട്ടായ്മകൾ പള്ളി മൈതാനത്തു ക്രമീകരിച്ച വാഴപിണ്ടികളിൽ ചിരാതുകൾ കത്തിച്ചു. നിരവധി വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കെടുത്തു.

അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ.അലക്സ് വടശേരിൽ സിആർഎം, ഫാ.ടോണി കോയിൽപറമ്പിൽ, ഫാ.നവീൻ മാമ്മൂട്ടിൽ ,ഫാ.ജിന്റു പുത്തൂർ
എന്നിവർ സഹകാർമികരായിരുന്നു.

കേരളത്തിലെ നസ്രാണിൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമാണ് ‘പിണ്ടി കുത്തി’ തിരുനാൾ. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാൾ ‍ പൊതുവിൽ അറിയപ്പെടുന്നത്. ജനുവരി അഞ്ചാം തിയതി, ഉച്ചതിരിയുമ്പോൾ തന്നെ വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തു കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. പള്ളികളിൽ റംശാ പ്രാർത്ഥനയോടു ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്.

പളളികളിൽ വൈദികർ തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു. പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും വിശ്വാസികളെല്ലാവരും ചേർന്ന് തെളിക്കുന്നു.

ലോകത്തു മറ്റൊരിടത്തും ഇത്തരത്തിൽ വ്യാപകമായി ദനഹാ തിരുനാൾ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച് ) ആഘോഷിക്കുന്ന പതിവില്ല. ഒരു പരിധി വരെ സുറിയാനി കത്തോലിയ്ക്കാ സഭയുടെ സാംസ്കാരികാനുരൂപണത്തിന്റെ ഇന്നിന്റെ ഉദാഹരണം കൂടിയാണ്, മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രഘോഷിക്കുന്ന ‘പിണ്ടി കുത്തി’ തിരുനാൾ. സമയം വില പറയുന്ന തിരക്കുകളുടെയും അതിന്റെ അതിപ്രസരത്തിന്റേയും ഇക്കാലത്തും, ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഈ ആചരണം നടത്തുന്നത് സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിയ്ക്കാസഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണവും ഈ നാടിന്റെ സംസ്കാരവുമായി അവർ എത്ര മാത്രം ഇഴുകി ചേർന്നുവെന്നതിന്റെ അടയാളവുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*