അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചു, ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം പ്രധാന വീഥിയിലൂടെ വലിയ പള്ളിയിലെത്തി ആശീർവാദത്തോടെ സമാപിക്കും.
രാവിലെ 6.30മുതൽ ഉച്ചയ്ക്ക് 12.30വരെ ആരാധന നടക്കും. ഇടവകാംഗങ്ങൾ കൂട്ടായ്മ അടിസ്ഥാനത്തിൽ കുരിശിൻ്റെ വഴി നടത്തി വലിയ പള്ളിയിലെത്തി ആരാധനയിൽ പങ്കെടുക്കും. 12.30ന് നേർച്ചക്കഞ്ഞി. ഉച്ചകഴിഞ്ഞ് രണ്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. തുടർന്ന് നഗരികാണിക്കലിനും തിരുസ്വരൂപ വണക്കത്തിനുശേഷം അഞ്ചിന് വലിയ പള്ളിയിൽനിന്ന് നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി തുടങ്ങും.
പീഡാനുഭവ ശനിയാഴ്ച രാവിലെ 9.30ന് പൊതുമാമോദീസ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പുത്തൻവെള്ളവും പുത്തൻതീയുടെയും വെഞ്ചരിപ്പ്. ഉയിർപ്പു ഞായറാഴ്ച വെളുപ്പിന് 2.30ന് ഈസ്റ്റർ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന. രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റൻ്റ് വികാരിമാരായ ഫാ.നൈജിൽ തൊണ്ടിക്കാകുഴിയിൽ, ഫാ. സിറിൽ കൈതക്കളം, ഫാ. ടോണി കോയിൽ പറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ സഹകാർമികരായിരിക്കും.
Be the first to comment