അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും.
ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. 12 ഞായറാഴ്‌ച ദിവസം വൈകുന്നേരം 4.15നും 6.15 നുമാണ് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കുന്നത്.
10 മുതൽ 18 വരെ ദിവസങ്ങളിൽ വൈകുന്നേരത്തെ തിരുക്കർമങ്ങളിൽ യഥാക്രമം ഫാ. ആൻ്റ ണി കായലിൽപറമ്പിൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ.ജോസഫ് പള്ളിക്കൽ, ഫാ. സിറിയക് കാഞ്ഞിരത്തുംമൂട്ടിൽ, ഫാ.ജേക്കബ് കളരിക്കൽ, ഫാ.ജോസഫ് പാലയ്ക്കൽ, ഫാ.വർക്കി മണക്കളം, ഫാ.വർഗീസ് ഇളമ്പളശേരി, ഫാ.ആന്റണി മണക്കുന്നേൽ, ഫാ.വർഗീസ് ചിറയിൽ എന്നിവർ ഈ ദിവസങ്ങ ളിൽ വൈകുന്നേരത്തെ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
19 ന് അതിരമ്പുഴ തിരുനാളിന് കൊടിയേറും.രാവിലെ ഏഴിന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് നിർവ്വഹിക്കും. അന്നേ ദിവസം വൈകുന്നേരം വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണവും നടക്കും. 20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും.
20 മുതൽ 23 വരെ തിയതികളിൽ ദേശക്കഴുന്ന് നടക്കും.ദേശക്കഴുന്നിന് മുന്നോടിയായുള്ള വീടുകളിലെ കഴുന്ന് വെഞ്ചരിപ്പ് 10 മുതൽ 18 വരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് നടക്കുന്നത്. ദേശകഴുന്നിനു ശേഷം നടന്നിരുന്ന കലാപരിപാടികൾ ഇത്തവണ 28 മുതൽ 31 വരെ തിയതികളിൽ ദിവസവും വൈകിട്ട് ഏഴിനാണ് നടക്കുക.
24, 25 തീയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ. 24നു വൈകുന്നേരം നഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. 25ന് വൈകുന്നേരം തിരുനാൾ പ്രദക്ഷിണവും തുടർന്ന് പ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ടും നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
Be the first to comment