അതിരമ്പുഴ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ജനുവരി 19 ന് കൊടിയേറുകയായി. കണ്ണും കാതും മനസും ഇനി അതിരമ്പുഴയിലേക്ക്. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം എന്നത്പോലെ അതിരമ്പുഴ പള്ളി മൈതാനിയിൽ കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ആവേശം ജ്വലിപ്പിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് എത്തിക്കഴിഞ്ഞു. അതിരമ്പുഴക്കാർക്ക് ഇനി ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഉറക്കമില്ലാത്ത രാത്രികൾ.

തിരുനാളിന് ഒരുക്കമായുള്ള നവദിന തിരുനാളൊരുക്ക ശുശ്രൂഷകൾ  ആരംഭിച്ചു.18ന് സമാപിക്കും.

എല്ലാ ദിവസവും രാവിലെ ആറിന് വിശുദ്ധ കുർബാന. ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 15 ഞായർ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനും 15 ഞായർ വൈകുന്നേരം 4.15നും 6.15നും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം എന്നിവ നടക്കും.

ഇന്നു മുതൽ യഥാക്രമം ഫാ. വർഗീസ് പുളിക്കപടവിൽ, ഫാ. കുര്യൻ അമ്പലത്തുങ്കൽ, ഫാ. മാത്യു പള്ളിച്ചിറ, ഫാ. അബ്രഹാം തീമ്പലങ്ങാട്ട്, ഫാ. ഹെൻറി കോയിൽപറമ്പിൽ, ഫാ. വർഗീസ് പഞ്ഞിപ്പുഴ, ഫാ. മാത്യു മുത്തുമാക്കുഴിയിൽ എന്നിവർ വൈകുന്നേരത്തെ ശുശ്രൂഷകളിൽ കാർമികത്വം വഹിക്കും.

19നാണ് കൊടിയേറ്റ്. 20ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. 20 മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും. 24ന് വൈകുന്നേരം നഗരപ്രദക്ഷിണം. 24ന് രാത്രിയിൽ നടന്നിരുന്ന അതിരമ്പുഴ വെടിക്കെട്ട് ഈ വർഷം 25ന് രാത്രി എട്ടിനാണ് നടത്തുന്നത്. 25ന് രാവിലെ പരിശുദ്ധ റാസ അർപ്പണം. വൈകുന്നേരം തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാളിന് കൊടിയിറങ്ങും.

തിരുനാളിനോടനുബന്ധിച്ച് ദേശക്കഴുന്നിൽ കഴുന്ന് എഴുന്നള്ളിക്കുന്ന വീടുകളുടെ വെഞ്ചരിപ്പ് ആരംഭിച്ചു.16ന് സമാപിക്കും.

വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം, ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ നേതൃത്വം നൽകും.

കോവിഡിൻ്റെ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ തിരുനാൾ എന്ന നിലയിൽ ഈ വർഷം കൂടുതൽ ആളുകൾ എത്തിയേക്കുമെന്നതിനാൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി വി.എൻ. വാസവൻ്റെ അധ്യക്ഷതയിൽ വകുപ്പുതല ഉദ്യോഗസ്ഥ യോഗം വിലയിരുത്തി. പ്രധാന തിരുനാൾ ദിനങ്ങളിൽ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസീൽദാർ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ക്രമസമാധാനത്തിനും ഗതാഗത നിയന്ത്രണത്തിനുമുള്ള പ്രവർത്തനങ്ങൾ കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിൻ്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. അഞ്ച് ഡിവൈഎസ്പിമാരുടെയും ഏഴ് സിഐമാരുടെയും നേതൃത്വത്തിൽ 240 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം തടയുന്നതിനായി പ്രധാന തിരുനാൾ ദിനങ്ങൾക്കു മുമ്പേ തന്നെ അതിരമ്പുഴയിലും പ്രാന്തപ്രദേശങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കും.

ലഹരിക്കെതിരെ എക്സൈസ് ജാഗ്രത പുലർത്തും. പട്രോളിംഗ് ശക്തമാക്കും. ലഹരി മാഫിയയുടെ സ്വാധീനം ശക്തമായതിനാൽ എക്സൈസ് പോലീസുമായി ചേർന്ന് സംയുക്തത പട്രോളിംഗ് നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.

എഡിഎം ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസുറുദീൻ ഐഎഎസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിംസ് കുര്യൻ, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ്, മെംബർ ജോസ് അമ്പലക്കുളം, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*