
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റേകി വ്യാഴാഴ്ച നടന്ന വെടിക്കെട്ട് ആകാശവിസ്മയം തീർത്തു. വൈകിട്ട് 8.45ന് ആരംഭിച്ച് 9.45 വരെ തുടർച്ചയായി നടന്ന വെടിക്കെട്ട് ജനം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
തിരുനാൾ പ്രദക്ഷിണത്തിനും ആയിരങ്ങൾ പങ്കെടുത്തു. വലിയ പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ചെറിയ പള്ളിക്ക് വലംവച്ച് തിരികെയെത്തി വലിയപള്ളിയും ചുറ്റിയാണ് സമാപിച്ചത്. 22 വിശുദ്ധരുടെ രൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിച്ചു. മുന്നിൽ ഉണ്ണിയേശുവിന്റെയും പിന്നിൽ സെബസ്ത്യാനോസിന്റെയും രൂപങ്ങൾ അണിനിരന്നു. മുന്നിൽ 100 പൊൻക്കുരിശുകളും തഴക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവയും ചെണ്ടമേളങ്ങളും ബാൻഡ്‌സെറ്റുകളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
ഇന്ന് വൈകിട്ട് എട്ടിന് നേർച്ച വസ്തുക്കളുടെ ലേലം നടക്കും.
Be the first to comment