വിദ്യാഭ്യാസ, ടൂറിസം രംഗത്ത് അതിരമ്പുഴക്ക് വൻ സാധ്യത

അതിരമ്പുഴ: വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളിൽ അതിരമ്പുഴക്ക് വൻ സാധ്യതകൾ.  അതിരമ്പുഴയെ പുതിയകാല വിദ്യാഭ്യാസ ഹബ്ബായും ടൂറിസം ഡസ്റ്റിനേഷനായും ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ. അതിരമ്പുഴയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ സ്മരണ ഉണർത്തുന്നതിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ചന്തക്കുളത്തിൻ്റെ പശ്ചാത്തലത്തിൽ നിർമിച്ച ശിൽപ സമന്വയം  നാടിന് സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരാണിക വാണിജ്യ കേന്ദ്രമായ അതിരമ്പുഴയുടെ പഴയ പ്രതാപത്തിലേക്ക് നാടിനെ തിരികെ എത്തിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ശിൽപ സമന്വയമൊരുക്കിയത്.  അതിരമ്പുഴ ചന്തക്കടവിൽ നടന്ന സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. റോസമ്മ സോണി, കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് കോട്ടൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, കെ. കെ ഷാജിമോൻ, മേഖല ജോസഫ്, അന്നമ്മ മാണി, എ.എം. ബിന്നു, പഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം, കെ.എൻ.രവി, ജോസ് ഇടവഴിക്കൽ, ഷാജു കരിവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശിൽപ സമന്വയം അണിയിച്ചൊരുക്കിയ ശിൽപി അതിരമ്പുഴ സ്വദേശി സാബു എം. രാമനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിതിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വയം രക്ഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് സ്കൂളുകളിലെ വിദ്യാർഥിനികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വച്ച് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*