ആറ്റിങ്ങല്‍ ഇരട്ടക്കൊല: വധശിക്ഷ ഒഴിവാക്കി; നിനോ മാത്യുവിന് ജീവപര്യന്തം; അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവെച്ചു

കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.

കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ നിനോ മാത്യുവിന്റെ കാമുകി അനുശാന്തി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

2014 ഏപ്രില്‍ 16നാണ് നിനോ മാത്യു കാമുകി അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*