എംഎൽഎമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിര്; രാഷ്ട്രപതിക്ക് കത്തയച്ച് അതിഷി

ഡൽഹി നിയമസഭയിൽ നിന്ന് 21 ആം ആദ്മി എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തിയ സ്പീക്കറുടെ നടപടിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് അതിഷി. രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ചയ്ക്കും അതിഷി സമയം തേടി.

“ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവും വളരെ ഗൗരവമേറിയതും സെൻസിറ്റീവുമായ ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഡൽഹിയിലെ ബിജെപി സർക്കാർ ബാബാസാഹെബ് അംബേദ്കറുടെയും ഷഹീദ്-ഇ-അസം ഭഗത് സിങ്ങിൻ്റെയും ഫോട്ടോകൾ ഡൽഹിയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കംചെയ്തു. ഇത് രാജ്യത്തെ ദളിത് വിഭാഗത്തെയും രക്തസാക്ഷികളെയും അപമാനിക്കുന്നതിന് തുല്യമാണ്.

ആം ആദ്മി പാർട്ടിയുടെ ലെജിസ്ലേറ്റീവ് പാർട്ടി ഈ വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ ആഗ്രഹിക്കുന്നു, എന്നാൽ മാത്രമേ ഈ ഏകാധിപത്യത്തിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ കഴിയൂ. ഇത് സ്വയം നിർണ്ണയത്തിൻ്റെ കാര്യമല്ല, മറിച്ച് രാജ്യത്തിൻ്റെ മുഴുവൻ ജനാധിപത്യത്തെയും പ്രതിസന്ധിയിലാക്കുന്നതാണ്,” അതിഷി കത്തിൽ കൂട്ടിച്ചേർത്തു. എംഎൽഎമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും കത്തിൽ .

അതേസമയം, ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേന സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ പ്രതിഷേധിച്ച 21 എംഎൽഎമാർക്കെതിരെയായിരുന്നു സ്പീക്കറുടെ നടപടി. മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ ഒരുങ്ങാത്ത പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എംഎൽഎമാരെ സ്പീക്കർ വിജേന്ദ്ര ഗുപ്ത സസ്പെൻഡ് ചെയ്തു. സ്പീക്കറുടെ ഈ നടപടിക്കെതിരെ ആയിരുന്നു ആം ആദ്മി എംഎൽഎമാരുടെ പ്രതിഷേധം. നിയമസഭയ്ക്ക് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ എംഎൽഎമാരെ പൊലീസ് തടഞ്ഞു. തുടർന്ന് നിലത്ത് കുത്തിയിരുന്ന് എംഎൽഎമാർ പ്രതിഷേധിച്ചു.

ചരിത്രത്തിൽ തന്നെ ഇത്തരമൊരു നടപടി ആദ്യമാണെന്നും എംഎൽഎമാർക്കെതിരെ വിലക്കേർപ്പെടുത്തിയ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനമെന്നും അതിഷി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*