‘നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കാന്‍ ശ്രമം’; ചീഫ് ജസ്റ്റിസിന് 21 വിരമിച്ച ജഡ്ജിമാരുടെ കത്ത്

ന്യൂഡൽഹി: സമ്മർദ്ദം, തെറ്റായ വിവരങ്ങൾ, പൊതു അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ തകർക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 21 മുൻ ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതിയിലെ നാല് വിരമിച്ച ജഡ്ജിമാരും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 17 ജഡ്ജിമാരും ചേർന്നാണ് കത്തയച്ചത്. നേരത്തെ അറുന്നൂറിലധികം അഭിഭാഷകർ സമാനമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇത്തരം ഇടപെടലുകൾ നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്നും ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാവുമെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യമാണ് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും കത്തിൽ പരാമർശമുണ്ട്.

ദീപക് വർമ്മ, കൃഷ്ണ മുരാരി, ദിനേഷ് മഹേശ്വരി, എം ആർ ഷാ എന്നിവരാണ് കത്തിൽ ഒപ്പ് വെച്ച മുൻ സുപ്രീംകോടതി ജഡ്ജിമാർ. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ അടുത്ത് നടന്ന നിയമനടപടികളുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയുള്ള ഈ കത്ത്. നേരത്തെ അറുന്നൂറോളം അഭിഭാഷകർ സമാന വിഷയം ഉയർത്തി കാട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് കോൺഗ്രസ് സമ്മർദ്ദം ചെലുത്തി അയപ്പിച്ചതാണെന്ന വിമർശനം ബിജെപി ഉന്നയിച്ചിരുന്നു.

രാഷ്ട്രീയ നേതാക്കൾ നിയമ നടപടികൾക്ക് വിധേയമാക്കുമ്പോൾ കോടതിയും സംവിധാനങ്ങളും വിവേചന സ്വഭാവം കാണിക്കുന്നുണ്ടെന്നും ചിലർക്ക് അധിക ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യറി സംവിധാനം ഇത്തരം പ്രവർത്തങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്നും നിയമവ്യവസ്ഥയുടെ പവിത്രതയും സ്വയംഭരണവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിഭാഷകർ അയച്ച കത്തിന് സമാനമായി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വാക്പോരിനും ഇതും കളമൊരുക്കുമെന്ന് ഉറപ്പാണ്.

Be the first to comment

Leave a Reply

Your email address will not be published.


*