ഓപ്പറേഷൻ താമരയ്ക്ക് ശ്രമം, എംഎൽഎമാർക്ക് 50 കോടി വാ​ഗ്ദാനം ചെയ്തു’; ബിജെപിക്കെതിരെ സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് ചാക്കിട്ടുപിടിക്കാനാണ് ശ്രമം നടക്കുന്നത്. എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാ​ഗ്ദാനം ചെയ്തെന്നും സിദ്ധരാമയ്യ ആരോപിച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടാൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ താഴെ വീഴുമെന്ന ബിജെപി പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘കഴിഞ്ഞ ഒരു വർഷമായി എൻ്റെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി വീതമാണ് വാ​ഗ്ദാനം ചെയ്തത്. ബിജെപി ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളുടെ എംഎൽഎമാർ പാർട്ടി വിട്ട് പോവില്ല, ഒരാളു പോലും പോവില്ല’. സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സിദ്ധരാമയ്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പ്രതികരിച്ചു. നിർഭാ​ഗ്യകരമെന്നാണ് ബിജെപി എംപി എസ് പ്രകാശ് പറഞ്ഞത്. ‘സിദ്ധരാമയ്യ നിരന്തരം ഇത്തരം ആരോപണം ഉന്നയിക്കുന്നത് നിർഭാ​ഗ്യകരമാണ്. സമൂഹത്തിന്റെ സഹതാപം നേടാൻ വേണ്ടിയുള്ള ശ്രമം മാത്രമാണിത്’. എസ് പ്രകാശ് പ്രതികരിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളോ സിദ്ധരാമയ്യ സർക്കാരിന്റെ നേട്ടങ്ങളോ പറയുന്നതിനു പകരം അദ്ദേഹം വ്യാജ ആരോപണങ്ങളുന്നയിക്കുകയാണെന്നും എസ് പ്രകാശ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ ജയിക്കുക എന്നതിലല്ല, തിരഞ്ഞെടുപ്പിനു ശേഷം സ്വന്തം സ്ഥാനം നഷ്ടപ്പെടാതിരിക്കുക എന്നതിലാണ് മുഖ്യമന്ത്രി ശ്രദ്ധ ഊന്നിയിരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*