കോവിഡ്- 19 ബാധിതര്‍ ശ്രദ്ധിക്കുക; ഗുരുതര ഹൃദയപ്രശ്‌നങ്ങള്‍ ബാധിക്കാമെന്ന് ഗവേഷകര്‍

കോവിഡ്-19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നങ്ങളാണ് ഏറ്റവുമധികം കണ്ടിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.കോവിഡ്-19നു കാരണമാകുന്ന കൊറോണ വൈറസ് ഹൃദയകോശങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കില്‍ക്കൂടി ഹൃദയത്തിന് തകരാറുണ്ടാക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.

ഗുരുതരമായി കോവിഡ് ബാധിച്ചവരില്‍ ഹൃദയപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായും സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട് ശ്വാസകോശ പ്രശ്‌നങ്ങളും അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോമും (ARDRS) ബാധിച്ചവരിലെ ഹൃദയപ്രശ്‌നങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്..

കാര്‍ഡിയാക് മാക്രോഫേജുകള്‍ എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങളിലാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ഇവ ഹൃദയാഘാതത്തോടും പ്രതികരിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം ബാധിച്ച് മരണമടഞ്ഞ 21 പേരുടെ ഹൃദയകോശങ്ങളും കോവിഡ് അല്ലാത്ത കാരണങ്ങളാല്‍ മരിച്ച 33 പേരുടെ ഹൃദയകോശങ്ങളുമാണ് ഗവഷകര്‍ താരതമ്യം ചെയ്തത്. എലികളെ സോര്‍സ് കോവ് 2 വൈറസ് അണുബാധയ്ക്ക് വിധേയരാക്കി, മാക്രോഫേജുകള്‍ക്ക് അണുബാധയ്ക്കശേഷം എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചു.

കോവിഡ് അണുബാധയ്ക്കുശേഷം ശരീരത്തിലുടനീളം ഗുരുതരമായ വീക്കം ഉണ്ടാക്കുന്നതിലൂടെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് മറ്റ് അവയവങ്ങളില്‍ ഗുരുതര നാശം ഉണ്ടാക്കാന്‍ സാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ശ്വാസകോശങ്ങളില്‍ വൈറസ് നേരിട്ട് ബാധിക്കുന്നതിന് പുറമേയാണിത്. ഗുരുതര അണുബാധയുടെ പ്രത്യാഘാതങ്ങള്‍ ശരീരത്തിലുടനീളം അനുഭവപ്പെടാമെന്ന് പഠനഫലം കാണിക്കുന്നതായി ഗവേഷകര്‍ പറയുന്നു. കോവിഡ് 19 ഹൃദയത്തെ പല രീതിയില്‍ ബാധിക്കാം.

മയോകാര്‍ഡിയല്‍ ഇന്‍ജുറി, നീര്‍വീക്കം, അരിത്മിയ തുടങ്ങിയവ ഇവയില്‍ ചിലതാണ്. കൊറോണ വൈറസ് ഹൃദയ കോശങ്ങളെ നേരിട്ട് ബാധിക്കുകയും മയോകാര്‍ഡൈറ്റിസിലേക്കു നയിക്കുകയോ ഹൃദയത്തിലെ മാംസപേശികള്‍ക്ക് തകരാര്‍ ഉണ്ടാക്കുകയോ ചെയ്യാം. കൂടാതെ അണുബാധയുണ്ടാക്കുന്ന നീര്‍വീക്കവും സൈറ്റോകീന്‍ റിലീസും നിലവിലുള്ള അവസ്ഥകളെ വഷളാക്കുകയോ കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയോ ചെയ്യാം. കോവിഡ്-19 ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗുരുതരമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഹൃദയസ്തംഭനം, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയ്ക്കും കാരണമാകാം. ഹൃദയത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ കുറയുക, കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ അധികരിക്കുക തുടങ്ങി ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങളും സംവിക്കാം. നിരന്തമുള്ള പരിശോധനയും തുടര്‍പരിചരണവും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*