യാഗശാലയായി തലസ്ഥാന നഗരി; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ആറ്റുകാലമ്മയ്ക്ക് പൊങ്കാല

തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി.

മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. പിന്നീടാണ് വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടര്‍ന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്ക് തീ പകര്‍ന്നു. ഇതോടെ തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയായി.

രാവിലെ 10ന് ശുഭപുണ്യാഹത്തിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഈസമയം പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടു തീർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കമായത്.

ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാലനിവേദ്യം. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്ക് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*