കോട്ടയം നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട്: എല്ലാ നഗരസഭകളിലും ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

കേരളത്തിലെ 21 നഗരസഭകളില്‍ പ്രത്യേക പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 21 ഓഡിറ്റ് ടീമിനെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇതിനായി നിയോഗിച്ചു. കോട്ടയം നഗരസഭയില്‍ 211 കോടി രൂപയുടെ ക്രമക്കേട് നടന്ന പശ്ചാത്തലത്തിലാണ് നടപടി. എ ക്ലാസ് നഗരസഭകളിലാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

കോട്ടയം നഗരസഭയില്‍ തട്ടിപ്പു നടന്നിട്ടില്ലന്നും ക്ലറിക്കല്‍ പിശകു മാത്രമാണു സംഭവിച്ചതെന്നും ഭരണ സമിതിയുടെ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ട് സംസ്ഥാന തല പരിശോധനാ സംഘം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മറ്റു നഗരസഭകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. എ.ക്ലാസ്സ് നഗരസഭകളില്‍ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സംസ്ഥാന വ്യാപകമായി 21 നഗരസഭകളിലേക്കായി പ്രത്യേക ഓഡിറ്റ് ടീമിനെയും ഇതിനായി ചുമതലപ്പെടുത്തി. തദ്ദേശഭരണ വകുപ്പ് ഡയറക്ടര്‍ സാംബശിവറാവു ഐ എ എസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് പരിശോധന നടക്കുക. പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

പരിശോധന സംഘം ആവശ്യപ്പെടുന്ന ഫയലുകളും മറ്റ് വിശദാംശങ്ങളും കൈമാറാന്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശമുണ്ട്. കോട്ടയം നഗരസഭയില്‍ നടന്നതിന് സമാനമായ ക്രമക്കേട് എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. നേരത്തെ മുന്‍സിപ്പാലിറ്റികള്‍ പ്രത്യേക വിഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണു് കോട്ടയം നഗരസഭയിലെ തട്ടിപ്പ് പുറത്തുവന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*