ചുട്ടുപൊള്ളിയ ഓഗസ്റ്റ്, രേഖപ്പെടുത്തിയത് 123 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ

ഇന്ത്യയുടെ 123 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസമായിരുന്നു ഇത്തവണയെന്ന് റിപ്പോര്‍ട്ട്. ലഭിക്കേണ്ട മഴയില്‍ 36 ശതമാനത്തിന്റെ കുറവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. 25.4 സെന്റീമീറ്റര്‍ മഴമാത്രമാണ് രാജ്യത്ത് ലഭിച്ചത്. ജൂലായില്‍ 28 സെന്റീമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്.

അറബിക്കടലിലെയും, ബംഗാള്‍ ഉള്‍ക്കടലിലെയും അസാധാരണ സാഹചര്യങ്ങളും എല്‍നിനോ പ്രതിഭാസവും രാജ്യത്തെ പരക്കെയുള്ള മഴ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, ഹിമാലയന്‍ സാന്നിധ്യമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, തമിഴ്‌നാടിന്റെ ചിലഭാഗങ്ങളിലും ഓഗസ്റ്റില്‍ അപ്രതീക്ഷിത മഴയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

2005ലാണ് ഇതിന് മുന്‍പ് കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 25 ശതമാനം മഴയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വരള്‍ച്ച നേരിട്ട 2009 ല്‍ ഓഗസ്റ്റില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 25 ശതമാനം കുറവാണ് ലഭിച്ചത്. ഇത്തവണ മണ്‍സൂണ്‍ മഴ ലഭ്യതയിലെ കുറവ് രാജ്യത്തെ വരള്‍ച്ചയിലേക്ക് തള്ളിവിട്ടേയ്ക്കുമെന്ന ആശങ്കയും ശക്തമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*