ഇന്ത്യക്ക് നാണംകെട്ട തോല്‍വി; ഓസ്‌ട്രേലിയയുടെ ജയം പത്ത് വിക്കറ്റിന്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം ഏകദിനം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും.

ചെറിയ വിജയലക്ഷ്യം പെട്ടന്ന് മറികടക്കാനുള്ള തീരുമാനത്തിലായിരുന്നു ഓസീസ്. ഷമി മൂന്ന് ഓവറില്‍ 29 റണ്‍സും മുഹമ്മദ് സിറാജ് 37 റണ്‍സും വിട്ടുകൊടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ ഒരോവറില്‍ മാര്‍ഷ് മൂന്ന് സിക്‌സ് നേടി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. 

നേരത്തെ, അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിംഗ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്. അക്‌സര്‍ പട്ടേലിന്റെ അവസാന നിമിഷത്തെ ചെറുത്ത് നില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്‌സറിനെ കൂടാതെ 31 റണ്‍സെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ. സ്റ്റാര്‍ക്കിനെ കൂടാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സീന്‍ അബോട്ടും രണ്ട് വിക്കറ്റുകള്‍ നേടിയ നഥാന്‍ എല്ലിസും ഓസീസ് നിരയില്‍ തിളങ്ങി. 

Be the first to comment

Leave a Reply

Your email address will not be published.


*