‘കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍’; പ്രതിഷേധം ശക്തമാക്കി ‘ഇന്ത്യ’ സഖ്യം, മാര്‍ച്ച് 31ന് മെഗാറാലി

കേന്ദ്രത്തിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ റാലി സംഘടിപ്പിക്കും. ഞായറാഴ്ച ‘ഇന്ത്യ സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേയുള്ള നടപടി പ്രതിപക്ഷ ശക്തി ചോർത്തിക്കളയാനാണെന്ന ആരോപണവും വ്യാപകമാണ്. എഎപിയുമായി കടുത്ത വിയോജിപ്പുണ്ടായിരുന്ന ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

വാർത്താസമ്മേളനത്തിൽ എ എ പി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായിയാണ് മെഗാ റാലിയുടെ കാര്യം പ്രഖ്യാപിച്ചത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ ജനങ്ങൾ രോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയക്കാരെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. ജാർഖണ്ഡിലെ ഹേമന്ത് സോറൻ ആയാലും ബിഹാറിൽ തേജസ്വി യാദവായാലും എല്ലാവർക്കും എതിരെ കള്ളക്കേസുകൾ ചുമത്തുകയാണ്”. ഗോപാൽ റായ് ആരോപിച്ചു.

പെരുമാറ്റ ചട്ടം നിലനിൽക്കെ എ എ പിയുടെ ഡൽഹിയിലെ ആസ്ഥാനം കഴിഞ്ഞ ദിവസം സീൽ ചെയ്തുവെന്നും ഗോപാൽ റായ് പറഞ്ഞു. കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും പ്രചാരണം നടത്താൻ കഴിയാത്ത നിലയിലേക്ക് അവരെ മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*