കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍

കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. കാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. സമരം കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചു എന്നും പണം അടക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കി. സമരം നയിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ടീസ്.

അയോധ്യ രാമ ക്ഷേത്ര പ്രതിഷഠയുമായി ബന്ധപ്പെട്ട് ക്യാംപസില്‍ സംഘര്‍ഷം നടന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ‘ഇത് മതേതര ഇന്ത്യയാണ് ‘ എന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട വൈശാഖ് പ്രേംകുമാറിനും ആറ് ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു.ക്യാമ്പസില്‍ രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതിനെതിരെയും രാത്രി 11 മണിക്ക് കാന്റീന് അടച്ചിടുന്നതിനെതിരെയുമായിരുന്നു വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ സമരം നടത്തിയത്. സമരത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്റ്റുഡന്റ് ഡീന്‍ ഡോ രാജന്‍കാന്ത് ജികെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവവുമുണ്ടായിരുന്നു.

ഡീനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ എന്‍ഐടി ഡയറക്ടറും യോഗം വിളിച്ചിരുന്നു. എന്നാല്‍ രണ്ടാം യോഗവും അനുകൂല ഫലം നല്‍കിയിരുന്നില്ല. സമരത്തിന്റെ ഭാഗമായി എന്‍ഐടിയുടെ പ്രധാന ഗേറ്റില്‍ വിദ്യാര്‍ഥികള്‍ ഉപരോധം നടത്തുകയും ഉദ്യോഗസ്ഥരെ ക്യാമ്പസിലേക്ക് കടക്കുന്നത് തടഞ്ഞതടക്കം പ്രതിഷേധം നടന്നിരുന്നു. ഇതെല്ലാം സ്ഥാപനത്തിന് നഷ്ടം സംഭവിക്കാന്‍ കാരണമായെന്നാണ് കാമ്പസ് അധികൃതരുടെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*