കുട്ടികളില്‍ ഓട്ടീസം സ്ഥിരീകരിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നാണ്. രോഗലക്ഷണങ്ങളില്‍ പ്രകടമാകുന്ന വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെ കാരണം. അതുകൊണ്ട് തന്നെ കുട്ടികളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകളൊ മറ്റൊ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കുടലിലെ ബാക്ടീരിയകളുടെ സാന്നിധ്യം പരിശോധിച്ച് ഓട്ടിസം സ്ഥിരീകരിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍.
ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയുള്‍പ്പെടെയുള്ള സൂഷ്മാണുക്കളായ കുടലിലെ മൈക്രൊബയോട്ട അല്ലെങ്കില്‍ മൈക്രൊബയോമിനെ കേന്ദ്രീകരിച്ചാണ് പഠനം. ഓട്ടിസം ബാധിച്ചതും അല്ലാത്തതുമായ ഒന്നു മുതല്‍ 13 വരെ പ്രായമുള്ള കുട്ടികളില്‍ നിന്ന് ശേഖരിച്ച 1,600 വിസര്‍ജ്യം സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മൈക്രൊബയോമില്‍ ഓട്ടിസവുമായി ബന്ധപ്പെട്ട 31 മാറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് തെളിയിക്കുന്നത് ബ്രെയിൻ സ്കാൻ, ജിനോം സീക്വൻസിങ്ങ് എന്നിവയ്ക്ക് പകരം രോഗാവസ്ഥ കണ്ടെത്തുന്നതിനായി ഈ സാധ്യത ഉപയോഗിക്കാമെന്ന് ബെംഗളൂരുവിലെ എസ്കെഎഎൻ റിസേർച്ച് ട്രസ്റ്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. യോഗേഷ് സൂഷെ പറയുന്നു.
കുടലിലെ മൈക്രൊബയോം അമിതവണ്ണം, പ്രമേഹം, പാർക്കിൻസണ്‍സ് പോലുള്ള നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഓട്ടിസത്തിന്റെ കണ്ടെത്തിലനും ഇത് ഉപയോഗിക്കാവുന്നതാണെന്നും യോഗേഷ് കൂട്ടിച്ചേർത്തു. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് തന്നെ പരിശോധനയും വിപുലമാണെന്നാണ് പൂനയിലെ കെഇഎം ആൻഡ് ജഹാംഗീർ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെവലപ്മെന്റല്‍ പീഡിയാട്രീഷനായ ഡോ. അർച്ചന കാദം പറയുന്നത്. മാതാപിതാക്കളുമായുള്ള ചർച്ചകള്‍, ചൈല്‍ഡ് ഓട്ടിസം റേറ്റിങ് സ്കേല്‍ പോലുള്ള നിരീക്ഷണങ്ങളുമൊക്കെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
16 മുതല്‍ 30 മാസം വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ചോദ്യാവലി നല്‍കിയിട്ടുള്ള സ്ക്രീനിങ് രീതിയാണ് നിലവില്‍ ഉപയോഗിക്കുന്ന ഒന്ന്. മറ്റൊന്ന്, ഓട്ടിസം ഡയഗ്നോസ്റ്റിക്ക് ഇന്റർവ്യൂ (എഡിഐ-ആർ) ആണ്. മാതാപിതാക്കളുമായുള്ള സെഷനുകളും കുട്ടികളുടെ പ്രവർത്തനരീതികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് ഡോ. അർച്ചന പറയുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്‌ഡി) ബാധിച്ചവർക്ക് മലബന്ധം, വീർപ്പുമുട്ടല്‍, ചില ഭക്ഷണങ്ങളോട് താല്‍പ്പര്യമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ തുടർച്ചയായി ഉണ്ടാകാറുണ്ടെന്നും ഡോ. അർച്ചന കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ചികിത്സയിലൂടെയും ഭക്ഷണക്രമത്തിലൂടേയും മൈക്രൊബയോമിനെ എങ്ങനെ നേരിടാമെന്ന് കണ്ടെത്താൻ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഡോ. അർച്ചന അഭിപ്രായപ്പെട്ടു. ഗോതമ്പ്, പാല്‍, പ്രിസർവേറ്റീവുകള്‍, പഞ്ചസാര എന്നിവ പൂർണമായും ഒഴിവാക്കുക. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും വിറ്റമിനുമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, മത്സ്യം, എന്നിവയും ഉപയോഗിക്കാമെന്നും ഡോ. അർച്ചന നിർദേശിച്ചു.
Be the first to comment