‘ഇപിയുടെ വാക്കുകളെ വിശ്വസിക്കുന്നു, വിവാദങ്ങള്‍ തികച്ചും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഫലം’: വിഎന്‍ വാസവന്‍

കോട്ടയം: എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജന്‍റെ ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വിഎന്‍ വാസവന്‍. നിലവില്‍ ഇപി പറഞ്ഞാണ് വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന പരാമര്‍ശങ്ങളെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്നാണ് ഇപി പറയുന്നത്. അതാണ് താന്‍ വിശ്വസിക്കുന്നത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്‍.

താന്‍ അത്തരത്തിലൊരു പുസ്‌തകം എഴുതി കൊടുത്തിട്ടില്ല. അങ്ങനെ പ്രകാശനം നിര്‍വഹിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതല്ലെ എല്ലാവര്‍ക്കും വിശ്വസിക്കാന്‍ കഴിയുകയെന്നും വിഎന്‍ വാസവന്‍ ചോദിച്ചു. അദ്ദേഹത്തിന്‍റെ കാര്യം അദ്ദേഹം പറയുന്നതിനേക്കാള്‍ അപ്പുറം മറ്റാര്‍ക്കാണ് മെനഞ്ഞെടുക്കാന്‍ കഴിയുക.

യഥാര്‍ഥത്തില്‍ ഈ പ്രശ്‌നം ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കാന്‍ ശ്രമിക്കും പോലെയാണ്. അത്തരത്തിലൊരു പുസ്‌തകം പ്രകാശനം ചെയ്യുന്നില്ലെന്നും എഴുതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പുസ്‌തകം എഴുതിക്കൊണ്ടിരിക്കുന്നേയുള്ളൂവെന്നും ഭാവിയില്‍ പുസ്‌തകം പുറത്തിറങ്ങുമെന്നുമാണ് ഇപി പറയുന്നു. ഇപ്പോള്‍ അത് വിശ്വാസത്തിലെടുക്കാം. വിഷയം സംബന്ധിച്ച് അടിസ്ഥാന രഹിതമായ വിവരങ്ങളാണിപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ കൃത്യമായി അദ്ദേഹം തന്നെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇത്തരത്തിലൊരു കാര്യം സംഭവിക്കുന്നത് തികച്ചും രാഷ്‌ട്രീയ നീക്കമാണെന്നും വാസവന്‍ പറഞ്ഞു. ഈ പ്രചരണം തികച്ചും രാഷ്‌ട്രീയമാണെന്നും ഇത് പോളിങ് സമയത്തെ നിത്യ സംഭവങ്ങളിലൊന്നാണെന്നും മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*